ജനങ്ങളുടെ ‘നടുവിലുണ്ട്’ ഈ വാട്സാപ് കൂട്ടായ്മ; ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി..

Mail This Article
നടുവിൽ∙ ഒരു വാട്സാപ് കൂട്ടായ്മ വഴി എന്തെല്ലാം സാധിക്കും? 1600 അംഗങ്ങളുള്ള നടുവിൽ വാട്സാപ് കൂട്ടായ്മയോടാണു ചോദ്യമെങ്കിൽ എന്തും സാധ്യമാകുമെന്നായിരിക്കും ഉത്തരം. 2024 ഓഗസ്റ്റ് 14ന് ആരംഭിച്ച വാട്സാപ് കൂട്ടായ്മ വഴി ഇതുവരെ നടത്തിയത് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കൂട്ടായ്മ ഇക്കഴിഞ്ഞ 16ന് ടൗണിൽ പുതിയ ഓഫിസും തുടങ്ങി.
നടുവിൽ കൂട്ടായ്മ
നടുവിലിലെ നജുമുദ്ദീനു വൃക്ക മാറ്റിവയ്ക്കണം. അതിനായി അമർഷാൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരു വാട്സാപ് കൂട്ടായ്മ മുന്നോട്ടുവന്നു. നജുമുദ്ദീന്റെ ചികിത്സയ്ക്കായി അവർ ഒന്നിച്ചുനിന്നു. അതായിരുന്നു നടുവിൽ കൂട്ടായ്മയുടെ തുടക്കം. പിന്നീട്, അകാലത്തിൽ വിടപറഞ്ഞ യുവാവിന്റെ വീട്ടുകാരുടെ സഹായത്തിനായി അംഗങ്ങൾ ഒരുമിച്ചുകൂടി. അതിനുശേഷം ഇതുവരെ ഒട്ടേറെ പ്രവർത്തനങ്ങളാണ് കൂട്ടായ്മ വഴി നാടിനു ലഭിച്ചത്.

പ്രവർത്തനങ്ങളേറെ
പൊലീസിന്റെ സഹകരണത്തോടെ സൈബർ ലോകത്തിലെ ഭീഷണികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ സംഘടിപ്പിച്ച സെമിനാറിൽ ഇരുന്നൂറിലേറെപ്പേർ പങ്കെടുത്തു. അതിനുശേഷമാണ്, നടുവിൽ കരുവഞ്ചാൽ മലയോര ഹൈവേയിലെ താവുകുന്ന് വളവിൽ കാടുകളും വള്ളിപ്പടർപ്പുകളും നീക്കംചെയ്ത് ഡ്രൈവർമാർക്ക് കാഴ്ച വ്യക്തമാക്കുംവിധം മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചത്. ഒടുവള്ളിത്തട്ട് കുടിയാൻമല റോഡിൽ വിളക്കണ്ണൂർ മുതൽ മണ്ടളം വരെയുള്ള ഭാഗത്തെ കാടുകൾ വൃത്തിയാക്കി സിഗ്നൽ ബോർഡുകൾ സ്ഥാപിക്കാനും കൂട്ടായ്മ മുന്നിട്ടിറങ്ങി.
കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് വഴി 7 വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ മരുന്നു വിതരണവും ഇസിജി പരിശോധന ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളും ഒരുക്കി. ചികിത്സാ സഹായ കമ്മിറ്റികളുടെ ഭാഗമായി പ്രവർത്തിക്കുന്നതിനൊപ്പം രോഗികൾക്കു സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടും സ്ഥലമില്ലാത്തതിനാൽ സുരക്ഷിത ഭവനം ലഭ്യമാകാതിരുന്നവർക്കു വേണ്ടി വി.അൻവർ, കെ.മുസ്തഫ എന്നിവർ 4 സെന്റ് സ്ഥലം വീതം തികച്ചും സൗജന്യമായി നൽകിയിരുന്നു.