ADVERTISEMENT

ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയെ കാട്ടാന ഭീഷണിയിൽനിന്നു സംരക്ഷിക്കണമെന്നും അപകടകാരിയായ കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടണമെന്നും ആവശ്യപ്പെട്ട് ആർആർടി ഓഫിസിനു മുന്നിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരം 7–ാം ദിവസത്തിലേക്ക്. ആവശ്യങ്ങൾ പരിഗണിച്ചു സമരം തീർപ്പാക്കാൻ സർക്കാർ നടപടി വൈകുന്നതോടെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണു സമരക്കാർ. വെള്ളി – ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിന് പിന്നാലെ സ്കൂട്ടർ യാത്രക്കാരെയും ആക്രമിച്ചതോടെയാണ് പ്രദേശവാസിയായ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശോഭയുടെ നേതൃത്വത്തിൽ 13–ാം ബ്ലോക്കിലെ ആർആർടി ഓഫിസിനു മുന്നിൽ രാപകൽ സമരം ആരംഭിച്ചത്.

വിവിധ ആദിവാസി സംഘടനകൾ പിന്തുണയുമായി എത്തിയതോടെ സമരം കൂടുതൽ രൂക്ഷമായി. ഇന്നലെ ആർആർടി ഓഫിസിലേക്ക് എത്തിയ സാമുഹിക വനവൽക്കരണ വിഭാഗം ഡപ്യൂട്ടി റേഞ്ചറുടെ വാഹനം സമരക്കാർ തടഞ്ഞിട്ടു. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ടും മറ്റും ആദിവാസി നഗറുകളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാക്കുന്നതിനും അവരെ ബോധവൽക്കരിക്കുന്നതിനും സർക്കാരിന്റെ നിർദേശ പ്രകാരം എത്തിയ ഡപ്യൂട്ടി റേഞ്ചർ പി.സുരേഷ്, ഫോറസ്റ്റർ ഇ.കെ.സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രതിഷേധക്കാർ തടഞ്ഞുവച്ചത്. 6 ദിവസമായി വെയിലും മഞ്ഞും കൊണ്ട് ഇവിടെ ഇരിക്കുമ്പോൾ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

പൊലീസെത്തി സമരക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രതിഷേധം തുടർന്നു. സാമൂഹിക വനവൽക്കരണ വിഭാഗം മറ്റു ആവശ്യങ്ങൾക്കാണു ഇവിടയെത്തിയതെന്ന് പൊലീസ് ബോധ്യപ്പെട്ടുത്തിയതോടെയാണു സമരക്കാർ പിൻമാറിയത്. ബുധനാഴ്ച രാത്രി നാട്ടിലിറങ്ങിയ കുട്ടിയാനയെ ഉടൻ മയക്കുവെടിവച്ച വനം വകുപ്പ് ആദിവാസികളെ അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ആർആർടി ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചും പ്രതിഷേധിച്ചിരുന്നു. ഇതിനിടെ 2 വനപാലകരെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ആർആർടി ഓഫിസിലേക്ക് എത്തുന്ന വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരെ തടഞ്ഞു വയ്ക്കുമെന്നും സമരക്കാർ അറിയിച്ചു. ടിആർഡിഎം ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തുന്നുണ്ട്. പ്രതിഷേധക്കാർ ഉന്നയിക്കുന്ന വിഷയങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും വരെ സമരം തുടരുമെന്ന് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഓർഡിനേറ്റർ എം.ഗീതാനന്ദൻ അറിയിച്ചു. ആദിവാസി നേതാക്കളായ അരുവിക്കൽ കൃഷ്ണൻ, വി.ശോഭ എന്നിവർ പ്രസംഗിച്ചു.

ഉപരോധത്തിനിടെ വനപാലകരെ കയ്യേറ്റം ചെയ്തതായി പരാതി; 10 പേർക്കെതിരെ കേസ് 
ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ൽ രാപകൽ സമരം നടത്തുന്നവർ കഴിഞ്ഞ ആർആർടി ഓഫിസ് ഉപരോധത്തിനിടെ വനപാലകരെ കയ്യേറ്റം ചെയ്തതായി പരാതി.10 പേർക്കെതിരെ ആറളം പൊലീസ് കേസെടുത്തു. സമരത്തിനിടെ ഫോറസ്റ്റർ രമേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ അഭിനന്ദ് വള്ള്യാട് എന്നിവർക്ക് മർദനമേറ്റതായി പരാതി ഉയർന്നിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ പരാതിയിലാണ് കേസ്.

സമരപ്പന്തലിൽ കർഷക കോൺഗ്രസ്
ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിൽ കശുവണ്ടി പെറുക്കി കൊണ്ടിരുന്ന ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനു ടിആർഡിഎം ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല ആവശ്യപ്പെട്ടു. ഫാം പുനരധിവാസ മേഖലയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശോഭയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരപ്പന്തൽ സന്ദർശിച്ചു.ജില്ലാ സെക്രട്ടറി അഗസ്റ്റിൻ വേങ്ങക്കുന്നേൽ, സണ്ണി കുന്നത്തേട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ വടക്കേൽ, ബാബു മാങ്കോട്ട്, ബൈജു ആറാഞ്ചേരി, സോമൻ ആറളം, ജെയ്സ് പുളിയാനിക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

English Summary:

Iritty Aaralam Farm protest continues as Adivasi communities demand immediate action to address the ongoing elephant menace. The seven-day protest highlights the urgent need for protection and the capture of a rogue elephant, following tragic deaths and continued attacks.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com