അനുഗ്രഹമായി മാടായി വടുകുന്ദ തടാകത്തിൽ പൂരംകുളി

Mail This Article
പഴയങ്ങാടി∙ മാടായിക്കാവ് പൂരോത്സവത്തിന് സമാപനംകുറിച്ച് ഇന്നലെ രാവിലെ 9.15ന് മാടായി വടുകുന്ദ തടാകത്തിൽ പൂരംകുളി നടന്നു. അതിരാവിലെ തന്നെ വടുകുന്ദ തടാകക്കരയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു. പൂരംകുളി കഴിയുന്നതുവരെ വെയിലിന്റെ കാഠിന്യം അൽപം കുറഞ്ഞത് ആശ്വാസമായി. മാടായിക്കാവിൽനിന്ന് രാവിലെ ഏഴോടെയാണു തെക്കിനാക്കൽ കോട്ടയിലേക്ക് തിടമ്പ് എഴുന്നള്ളത്ത് പുറപ്പെട്ടത്. ഇവിടെ ഒന്നാം കോട്ടയിൽ വാൾപയറ്റ്, രണ്ടാം കോട്ടയിൽ പൂരക്കളി, മൂന്നാം കോട്ടയിൽ അപ്പം ഏറ് എന്നിവ നടന്നു. പൂജകൾക്കുശേഷം വടുകുന്ദശിവക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തിയശേഷം ഭക്തജനങ്ങൾക്ക് ദർശനം നൽകി.
തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പരിവാരസമേതം 8.50ന് വടുകുന്ദ തടാകക്കരയിലെ മണിദ്വീപിലെത്തി. ഇവിടത്തെ പൂജകൾക്ക് ശേഷം 9.15ന് ഭസ്മം അർച്ചന നടത്തി ആദ്യതവണ പൂരം കുളി നടന്നു. മലർ, മഞ്ഞൾകുറി എന്നിവ അർപിച്ചാണ് പിന്നീട് രണ്ട് തവണ പൂരംകുളി നടന്നത്. മഞ്ഞൾകുറി ഇവിടെ നിന്ന് പ്രസാദമായി നൽകി. തുടർന്ന് മാടായിക്കാവിലേക്ക് മടക്കം എഴുന്നള്ളത്ത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാടായിക്കാവിൽ എതിരേൽപ് നടത്തി. ഇവിടെ വൻ ഭക്തജനത്തിരക്കായിരുന്നു. കാവിലെത്തിയവർക്ക് വിശേഷാൽ പൂരക്കഞ്ഞി വിതരണവും നടത്തി. രാത്രി 11ന് നടന്ന കാമനെ അയയ്ക്കൽ ചടങ്ങോടെ മാടായിക്കാവ് പൂരോത്സവത്തിന് സമാപനം കുറിച്ചു.