കാറ്റിൽ നാശനഷ്ടം: ചമ്പാട് മേഖല ഇരുട്ടിലായത് 36 മണിക്കൂർ

Mail This Article
പാനൂർ ∙ വേനൽമഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ വ്യാപകമായി നാശനഷ്ടം സംഭവിച്ച ചമ്പാട് മേഖലയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത് 36 മണിക്കൂറുകൾക്ക് ശേഷം. ചൊവ്വാഴ്ച വൈകിട്ടോടെ നിലച്ച വൈദ്യുതി ഇന്നലെ ഒന്നരയോടെ പുനഃസ്ഥാപിച്ചു. സ്ഥലം സന്ദർശിച്ച സ്പീക്കർ എ.എൻ.ഷംസീർ വൈദ്യുതി മന്ത്രിയെ നേരിട്ട് ബന്ധപ്പെട്ടതോടെയാണ് പണി വേഗത്തിലായത്.
നീണ്ട സമയത്തെ വൈദ്യുത മുടക്കം വ്യാപാരികളെ വിഷമത്തിലാക്കി. ഹോട്ടലുകളുടെയും കൂൾ ബാറുകളുടെയും പ്രവർത്തനത്തെ ബാധിച്ചു.പാൽ ഉൾപ്പെടെ ശീതീകരിച്ച് സൂക്ഷിക്കേണ്ട സാധനങ്ങളെല്ലാം നശിച്ചു. ഇലക്ട്രോണിക് ത്രാസ് ഉൾപ്പെടെ പ്രവർത്തനരഹിതമായി. നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് സ്പീക്കർ പറഞ്ഞു.
വൈദ്യുതലൈനിൽ പൊട്ടിവീണ കൂറ്റൻമരക്കൊമ്പ് നീക്കിയത് നാട്ടുകാർ
പാനൂർ ∙ ചമ്പാട് അരയാക്കൂലിൽ ശക്തമായ കാറ്റിൽ വൈദ്യുത ലൈനിൽ പൊട്ടിവീണ കൂറ്റൻ മരക്കൊമ്പ് നാട്ടുകാർ സാഹസികമായി മുറിച്ചു നീക്കി. അഗ്നിരക്ഷാസേനയ്ക്കു ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് നാട്ടുകാർ ഏറ്റെടുത്ത് ചെയ്തത്. ഋഷിക്കരയിൽ റോഡിനു കുറുകെ വൈദ്യുതി ലൈനിൽ പതിച്ച മരം ടിപ്പർ ലോറിക്കു മുകളിൽ കയറിയാണ് മുറിച്ചു മാറ്റിയത്. ഇതിനു ശേഷമാണ് വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. ഒടക്കാത്ത് സന്തോഷ്, രഹേഷ് പയറ്റാട്ടിൽ, കെ.ടി.വിനീഷ്, പി.പി.വിനീഷ് എന്നിവർ നേതൃത്വം നൽകി.