പ്രിയ സുഹൃത്തിനെ ചേർത്തുപിടിച്ച് സഹപാഠി; വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തു നൽകി

Mail This Article
മട്ടന്നൂർ∙ അപകടത്തിൽ പരുക്കേറ്റ് നടക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന ഗോകുൽദാസിന് സഹപാഠിയുടെ കൈത്താങ്ങ്. വിഷുക്കൈനീട്ടമായി വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തു നൽകി സഹപാഠി മാതൃകയായി. കാഞ്ഞിലേരി കോന്നേരി പാലത്തിനു സമീപത്തെ ഗോകുൽദാസിന് ഇനി വീട്ടിലേക്കു സുഗമമായി യാത്ര ചെയ്യാം. പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തപ്പോഴാണ് സഹപാഠിയുടെ ദുരിതാവസ്ഥ പ്രവാസിയായ രാജേഷ് ഇടവന മനസ്സിലാക്കിയത്. സാമൂഹിക പ്രവർത്തനങ്ങളിൽ തൽപരനായ രാജേഷ് കോളാരി മൈത്രി സാംസ്കാരിക വേദിയിലൂടെ സാമൂഹിക പ്രവർത്തനത്തിൽ സജീവമായി.
ഒരു സുഹൃത്തിൽനിന്നു കിട്ടിയ അവിചാരിതമായ ക്ഷണം മുഖേനെ സൗദി അറേബ്യയിലെത്തിപ്പെടുകയും അവിടെ കഷ്ടപ്പെട്ട് ജോലിചെയ്താണ് ജീവിതത്തിന്റെ നല്ല നാളുകളിലേക്ക് രാജേഷ് എത്തുന്നത്.പത്താം ക്ലാസ് പൂർവവിദ്യാർഥികളുടെ സംഗമത്തിലാണ് സഹപാഠിയായ ഗോകുൽദാസിന്റെ ദുരിതാവസ്ഥ അറിയുന്നത്. ഉടൻ തന്നെ ആവശ്യമായ സഹായം നൽകാൻ തയാറാകുകയായിരുന്നു. സുഹൃത്തും കോൺട്രാക്ടറുമായ അനിൽകുമാർ വളരെ പെട്ടെന്ന് റോഡ് കോൺക്രീറ്റ് ജോലി പൂർത്തീകരിച്ചു.
വിദ്യാഭ്യാസത്തിൽ തൽപരനായ രാജേഷ് ഇടവന ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന നടുവനാട് എൽപി സ്കൂളിന്റെ മാനേജർ കൂടിയാണ്. നാട്ടിൽ അനേകം കുട്ടികളെ പഠിപ്പിക്കുകയും അനേകം കുടുംബങ്ങൾക്ക് സഹായവും നൽകിവരുന്നു.സഹപാഠിയുടെ പ്രയാസം അറിഞ്ഞപ്പോൾ പരമാവധി സഹായം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അപകടത്തെ തുടർന്നു നടക്കാൻ കഴിയാതെ മുച്ചക്ര വാഹനത്തെ ആശ്രയിക്കുന്ന ഗോകുൽദാസിന്റെ വീട്ടിലേക്കുള്ള വഴി നടന്നു പോകാൻ പോലും പറ്റാത്ത വിധത്തിലായിരുന്നു രാജേഷ് പറഞ്ഞു.