അധികൃതരുടെ അവഗണന; മത്സ്യക്കൃഷി തുടങ്ങിയവർ ദുരിതത്തിൽ

Mail This Article
കാസർകോട് ∙ ജില്ലയിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ജൈവ മത്സ്യ കൃഷി തുടങ്ങിയവർ പ്രതിസന്ധിയിൽ. പലർക്കും കിട്ടിയ മത്സ്യ കുഞ്ഞുങ്ങൾ ചത്തു. വീടുകളിൽ കൃഷി ചെയ്യാൻ വളരെ ആവേശത്തോടെയാണ് അധികൃതരുടെ സഹായത്തോടെ ഇവർ മുന്നിട്ടിറങ്ങിയത്. ഇതിനു കുളം ഒരുക്കി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു പദ്ധതി തുടങ്ങി 2 മാസം കഴിഞ്ഞിട്ടും ആവശ്യമായ പ്രത്യേക വൈദ്യുതി കണക്‌ഷൻ കിട്ടിയില്ല.

ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ നിന്നു മത്സ്യ കൃഷി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് കാരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന അപേക്ഷ നൽകിയവരിൽ നിന്നാണ് 1,38000 രൂപ ചെലവുള്ള ബയോഫ്ലോക്ക് മത്സ്യക്കൃഷി പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
36800 രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനവും18400 രൂപ ഫിഷറീസ് വകുപ്പും നൽകുന്ന പദ്ധതിയിൽ 82800 രൂപ ഗുണഭോക്തൃ വിഹിതം ആണ്. പദ്ധതി കാലാവധി 1 വർഷം. പദ്ധതി നിർവഹണം ഫിഷറീസ് വകുപ്പ് ആണെങ്കിലും മേലധികാരികളുടെ ഭാഗത്തു നിന്നു ആവശ്യമായ സഹായം കിട്ടാത്തത് കൃഷിയെ ബാധിക്കുന്നുവെന്നാണ് കർഷകരുടെ പരാതി.
ഒരു വിളയിൽ 0.5 ടൺ മത്സ്യം ഉൽപാദനം ഉണ്ടാകുമെന്നാണ് പറയുന്നത്. നാല് മുതൽ 6 വരെ സെന്റിമീറ്റർ വലുപ്പമുള്ള 1250 കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ടാങ്ക് ആണ് ഇതിനു ഒരുക്കുന്നത്. പലരും വീട്ടിൽ നിന്നാണ് ഇപ്പോൾ ടാങ്കിലേക്കു വൈദ്യുതി കണക്‌ഷൻ എടുക്കുന്നത്. സ്ലാബ് അനുസരിച്ച് കനത്ത വൈദ്യുതി നിരക്ക് നൽകേണ്ടി വരുമെന്ന ആശങ്കയിലാണ് കർഷകർ.
വില്ലനായി അണുബാധയും
ജില്ലയിൽ കഴിഞ്ഞ മാസാവസാനം കർഷകർക്ക് നൽകിയ 51,000 മത്സ്യ കുഞ്ഞുങ്ങളിലാണ് അണുബാധ കണ്ടത്. ഇതിൽ പലതും ചത്തു. ചിലത് വാൽ മുറിഞ്ഞ നിലയിലായിരുന്നു. ആവശ്യമായ പരിചരണത്തിലൂടെ രോഗ മുക്തി നേടിയതും ഉണ്ട്. ആവശ്യത്തിനു കുഞ്ഞുങ്ങളെ കിട്ടാത്തത് പദ്ധതി തുടങ്ങിയ കർഷകരെ കഷ്ടത്തിലാക്കി.
പലരും കുളം തയാറാക്കി കാത്തു നിൽക്കുന്നു. മത്സ്യക്കു ഞ്ഞുങ്ങളുടെ ലഭ്യത കുറഞ്ഞതാണ് കാരണമെന്ന് അധികൃതർ പറയുന്നു. ഫിഷറീസ് വകുപ്പിന്റെ ഹാച്ചറി , സർക്കാർ ഏജൻസിയായ ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള മുഖേനയോ ആണ് മത്സ്യ കുഞ്ഞുങ്ങളെ എത്തിക്കുന്നത്.
5 മുതൽ 6 മാസം വരെ കാലാവധിയിൽ ഒരു യൂണിറ്റിൽ നിന്നു 5 ക്വിന്റൽ വരെ മത്സ്യം ഉൽപാദനം ഉണ്ടാകുമെന്നാണ് പദ്ധതി വാഗ്ദാനം. പ്രതിവർഷം ഒരു വിളയിൽ നിന്നു 54000രൂപ വരെ ലാഭം . ആരോഗ്യമുള്ള മത്സ്യ കുഞ്ഞുങ്ങളും കൃഷിക്കു വൈദ്യുതി കണക്‌ഷനും ലഭിച്ചാൽ മികച്ച വരുമാനം ഉണ്ടാക്കാം.