പാരമ്പര്യത്തിന്റെ നേർക്കാഴ്ചയായി എരുതുകളി
Mail This Article
വെള്ളരിക്കുണ്ട്∙ കാർഷിക സംസ്കാരത്തിന്റെ നേർകാഴ്ചയായി വെസ്റ്റ് എളേരി പുങ്ങംചാൽ കൊടിയംകുണ്ട് കോളനിയിൽ നിറഞ്ഞാടിയ എരുതുകളി കൗതുകമായി. തുലാമാസം 10ന് മാവില സമുദായത്തിൽ പെട്ടവരാണ് ആചാരാനുഷ്ടാനത്തോടുകൂടി എരുത് കളി നടത്തുന്നത്. ചെണ്ട മേളത്തിന്റെ താളത്തിനൊത്ത് കാളയുടെ രൂപം എടുത്താണ് ചുവടുകൾ വയ്ക്കുന്നത്.
മനുഷ്യ ജീവിതത്തിൽ കൃഷിക്കും മൃഗങ്ങൾക്കും ഏറെ പ്രാധാന്യമുണ്ടന്ന് പ്രാചീനമായ ഈ കലാരൂപം ഓർമപെടുത്തുന്നു. തുലാപത്തിന് പത്തായത്തിൽ നെല്ല് നിറക്കൽ ചടങ്ങിന്റെ ഭാഗമായി കാളവേഷം കെട്ടി ആനന്ദ നൃത്തമാടി വീട് വീടാന്തരം സഞ്ചരിച്ച് ദക്ഷിണ വാങ്ങുന്ന ചടങ്ങുമുണ്ട്. കോവിഡ് കാലമായതിനാൽ ഇത്തവണ എരുത് കളി ചടങ്ങിൽ മാത്രമൊതുക്കി. കാളരൂപം കെട്ടുന്നതിന് മുൻപ് പുതിയ നെല്ല് കൊണ്ട് ഇടിച്ചുണ്ടാക്കിയ അവിലും മലരും പഴവും നിവേദ്യമൊരുക്കി വച്ചൊരുക്കൽ ചടങ്ങ് നടത്തി ഗുരുകാരണവരെ സ്മരിച്ച് നമസ്ക്കരിച്ചാണ് എരുത് വേഷം അണിയുന്നത്. കളിക്ക് രസം പകരാൻ കൂട്ടത്തിൽ മരമീടൻ വേഷവും കെട്ടും. അന്യം നിന്നുപോയ എരുത് കളി കൊടിയൻ കുണ്ടിൽ വീണ്ടും കെട്ടിയാടിയപ്പോൾ പുതുതലമുറയ്ക്ക്ത അപൂർവ കാഴ്ചയായി.