ആവശ്യമായ ലൈഫ് ഗാർഡ് ഇല്ല; സുരക്ഷ വേണം ബീച്ചുകളിൽ

Mail This Article
കാസർകോട്∙ സംസ്ഥാനത്ത് ടൂറിസ്റ്റുകളുടെ തിരക്കേറിയ ബീച്ചുകളിൽ സുരക്ഷാ പ്രവർത്തനത്തിന് ആവശ്യമായ ലൈഫ് ഗാർഡ് ഇല്ല. ടൂറിസം വകുപ്പിൽ ഇരുനൂറോളം ലൈഫ് ഗാർഡ് മാത്രമാണ് ആകെയുള്ളത്. നിലവിലുള്ള സാഹചര്യത്തിൽ രണ്ടിരട്ടിയിലേറെ ലൈഫ് ഗാർഡുമാർ വേണമെന്നാണ് അധികൃതർ പറയുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് എണ്ണത്തിൽ വളരെ കുറവ്.
കാസർകോട് ജില്ലയിൽ ആകെ ഉള്ളത് 4 പേർ ആണെങ്കിൽ കണ്ണൂർ ജില്ലയിൽ 12 പേർ. 15 വർഷത്തിനിടെ ആണ് ജില്ലയിൽ ലൈഫ് ഗാർഡുകളെ നിയമിച്ചത്. തുടക്കത്തിൽ 2 പേർ. അത് പിന്നീട് നാലായി വർധിച്ചതു മാത്രം. അത് തന്നെ പല ദിവസങ്ങളിലും 3 പേരുടെ സേവനം മാത്രമായി ചുരുങ്ങുന്നു. കണ്ണൂർ ജില്ലയിൽ 12 പേരിൽ പയ്യാമ്പലം 5, മുഴപ്പിലങ്ങാട്, ധർമടം 2 എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ഏറ്റവും ചുരുങ്ങിയത് 15 പേരുടെയെങ്കിലും സേവനം വേണം പയ്യാമ്പലം ബീച്ചിൽ.
4 മുതൽ രാത്രി 8 വരെ വൻ തിരക്ക് ആണ് . 5 കിലോമീറ്റർ വരെ വിസ്തൃതി ഉള്ളതാണ് മുഴപ്പിലങ്ങാട് ബീച്ച്. ഇവിടെയും ആവശ്യത്തിനു ലൈഫ് ഗാർഡ് ഇല്ല. കാസർകോട് ജില്ലയിൽ ബേക്കൽ കോട്ടയിൽ 2 പേരും പള്ളിക്കര ബീച്ചിൽ 2 പേരും ആണ് ഉള്ളത്. രണ്ടു പേരിൽ ഒരാൾ അവധിയിലാണെങ്കിൽ ശേഷിക്കുന്ന ഒരാൾക്ക് എന്തു ചെയ്യാൻ കഴിയുമെന്നാണ് ചോദ്യം. 2 ലൈഫ് ഗാർഡ് മാത്രം ഉള്ള പള്ളിക്കര ബീച്ചിൽ ഒന്നര കിലോമീറ്റർ ദൂരം വരെയാണ് ആളുകൾ കടലിൽ ഇറങ്ങി കളിയും കുളിയും ആയി ഉല്ലാസത്തിൽ ഏർപ്പെടുന്നത്.
ബോട്ട് സർവീസും ഉണ്ട്. ഉള്ള 2 ലൈഫ് ഗാർഡിൽ ഒരാൾ കടലിൽ രക്ഷാ പ്രവർത്തനത്തിനു ഇറങ്ങിയാൽ ആവശ്യമായ സഹായികളെ കിട്ടിയില്ലെങ്കിൽ ലൈഫ് ഗാർഡിന്റെ കൂടി ജീവൻ അപകടത്തിലാകും. ബേക്കൽ കോട്ടയുടെ അരികിലും കടലിൽ ഇറങ്ങി കുളിക്കുന്നവർ ഏറെയാണ്. കടലിൽ രക്ഷാപ്രവർത്തനം നടത്തുമ്പോൾ തന്നെ കരയിലും ഇതിനു ആവശ്യമായ സജ്ജീകരണങ്ങളും സഹായങ്ങളും ലഭ്യമാക്കാൻ ആവശ്യമായവർ വേണം.
ജില്ലയിൽ കാസർകോട് കസബ, ചെമ്പരിക്ക , ഹൊസ്ദുർഗ് , തൈക്കടപ്പുറം, മാവില കടപ്പുറം, വലിയപറമ്പ്, തൃക്കണ്ണാട്, കൊപ്പൽ, അഴിത്തല, ഒരിയര തുടങ്ങിയ ബീച്ചുകൾ തിരക്കേറിയ പ്രദേശങ്ങളാണ്. സുരക്ഷാ പ്രവർത്തനത്തിനു ഇവിടെ ഒരൊറ്റ ലൈഫ് ഗാർഡ് പോലുമില്ല. ജില്ലാ ടൂറിസം വകുപ്പ് അധികൃതർ പല തവണ എഴുതിയിട്ടും ലൈഫ് ഗാർഡ് നിയമനത്തിനു നടപടികളില്ല.