ഗോപിനാഥ് മുതുകാടിന്റെ ഡിഫറന്റ് ആർട്സ് സെന്റർ പ്രഖ്യാപനം 31ന്
Mail This Article
കാഞ്ഞങ്ങാട് ∙ ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികാസത്തിനായി ഗോപിനാഥ് മുതുകാട് ജില്ലയിൽ ആരംഭിക്കുന്ന ഡിഫറന്റ് ആർട്സ് സെന്ററിന്റെ പ്രഖ്യാപനം 31ന് 5ന് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. മായാ ലോകത്തു നിന്നു യാഥാർഥ്യ ലോകത്തേക്കുള്ള സ്വപ്നമാണ് മുതുകാടിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇന്നും ഇതര ജില്ലകളിലേക്കും ഇതര സംസ്ഥാനത്തേക്കും ചികിത്സയ്ക്കായി പോകേണ്ട ഗതികേടാണ്. പുതിയ വെളിച്ചവുമായാണ് മുതുകാട് എത്തിയതെന്ന് എംപി പറഞ്ഞു. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി മടിക്കൈ പഞ്ചായത്തിലെ അടുക്കത്ത് പറമ്പിൽ 25 ഏക്കർ സ്ഥലത്താണ് സെന്റർ തുടങ്ങുന്നത്.
ചടങ്ങിൽ തിരുവനന്തപുരം ആർട് സെന്ററിലെ 100 ഭിന്നശേഷിക്കുട്ടികളുടെ കലാ പ്രകടനവും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ,കെ.പി.സതീഷ് ചന്ദ്രൻ, ടി.മുഹമ്മദ് അസ്‍ലം, എം.കുഞ്ഞിക്കൃഷ്ണൻ, കെ.ദാമോദരൻ, ബഷീർ ആറങ്ങാടി, ഇന്ദു നായർ തുടങ്ങിയവർ പ്രസംഗിച്ചു.