ഫോഴ്സ് അർബാനിയക്ക് ആഡംബര മോഡിഫിക്കേഷൻ, ക്യാംപർ രൂപത്തിലേക്ക് മാറ്റി പ്രകാശ് രാജ്

Mail This Article
സിനിമാതാരങ്ങൾ കാരവാനുകളും വാനിറ്റി വാനുകളും വാങ്ങുമ്പോൾ അവിടെയും വ്യത്യസ്തനാകുകയാണ് പ്രകാശ് രാജ്. വാനിറ്റി വാനിന് പകരം ഒരു ക്യാംപർ വാനാണ് പ്രകാശ് രാജ് തിരഞ്ഞെടുത്തത്. ഫോഴ്സ് അർബാനിയയാണ് ക്യാംപർ വാനാക്കി മാറ്റിയത്. പ്രോ ക്യാംപർ ഇന്ത്യയാണ് പ്രകാശ് രാജിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് വാഹനം കസ്റ്റമൈസ് ചെയ്തത്. പ്രോ ക്യാമ്പർ ഇന്ത്യ സമൂഹമാധ്യമങ്ങളിലൂടെ വാഹനത്തിന്റെ കൂടുതൽ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്.
ഡൽഹിയിൽ നിന്നും ക്യംപർ രൂപത്തിലാക്കിയ വാഹനം മൈസൂരിൽ എത്തിച്ചാണ് നടന് കൈമാറിയത്. വാഹനത്തിന്റെ ഇന്റീരിയറും എക്സ്റ്റീരിയറുമെല്ലാം വിശദമായി തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോയിൽ കാണുവാൻ കഴിയും. അടുക്കള, മോഡുലാർ ഷെൽഫുകൾ, ഗ്യാസ് സ്ററൗ, ഗ്യാസ് സിലിണ്ടർ, സ്റ്റോറേജ് കമ്പാർട്‌മെന്റുകൾ, ടേബിളുകൾ, എയർ കണ്ടീഷനിങ് യൂണിറ്റുകൾ, ബാത്റൂം എന്നിവയും ബെഡ് ആക്കി മാറ്റാൻ കഴിയാവുന്ന സോഫകൾ എന്നിങ്ങനെ സൗകര്യങ്ങൾ ഏറെയുണ്ട് ഈ വാഹനത്തിൽ. യാത്രകൾക്കും ചേരുന്ന വിധമാണ് വാഹനത്തിന്റെ നിർമാണം.
പ്രീമിയം സ്റ്റൈലിൽ ഇറ്റാലിയൻ വിദഗ്‌ധരുടെ സഹായത്താലാണ് അർബാനിയയുടെ ബോഡി ഫോഴ്സ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ സുരക്ഷയും ബലവും ഉറപ്പാക്കുന്ന മോഡുലാർ മോണോകോക് പാനലിലാണ് ബോഡി. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്‍നിരയില്‍ തന്നെ നാല് എ.സി വെന്റുകള്‍, ഡാഷ്‌ബോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഗിയര്‍ ലിവര്‍, മള്‍ട്ടി സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവയാണ് അര്‍ബാനിയയുടെ ഡ്രൈവര്‍ കമ്പാർട്മെന്റില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍.
28.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വിലയാരംഭിക്കുന്നത്. ഷോർട്, മീഡിയം, ലോങ്ങ് എന്നിങ്ങനെ മൂന്നു വീൽബേസുകളിൽ അർബാനിയ ലഭ്യമാണ്. 3350 എം എം, 3615 എം എം, 4400 എം എം എന്നിങ്ങനെയാണ് യഥാക്രമം വീൽബേസ്. ലോങ്ങ് വീൽ ബേസിൽ 17 സീറ്റും മീഡിയത്തിൽ 13, ഷോർട് വേരിയന്റിൽ 10 സീറ്റുമാണുള്ളത്.