മത്സ്യമാർക്കറ്റ് നോക്കുകുത്തി; മീൻവിൽപന പാതയോരത്ത് തന്നെ

Mail This Article
പാലക്കുന്ന്∙ അനധികൃതമായി മത്സ്യ വിൽപന തുടങ്ങിയിട്ട് വർഷം 2 കഴിഞ്ഞു. മത്സ്യവിൽപന നടക്കുന്ന തിരക്കേറിയ പാലക്കുന്ന് ടൗണിലെ വളവിൽ അപകട സാധ്യത മനസ്സിലാക്കി ബേക്കൽ പൊലീസ് 'ഇവിടെ മത്സ്യ വിൽപന നിരോധിച്ചിരിക്കുന്നു' എന്ന മുന്നറിയിപ്പോടെ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ അതിന് കീഴെയായിരുന്നു പിന്നീടുള്ള മത്സ്യവിൽപന. ഒരു നാൾ പൊലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് ആരോ ഇളക്കി മാറ്റി. എന്നിട്ടും അനധികൃത മത്സ്യ വിൽപന ഇവിടെ ഇപ്പോഴും നിർബാധം തുടരുന്നു.
4 ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വന്നുചേരുന്ന തിരക്കുള്ള സ്റ്റേഷൻ റോഡിന്റെ വളവിലാണ് പരസ്യമായി മത്സ്യ വിൽപനയും. ട്രെയിൻ കടന്നു പോകുന്നതിനായി റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ വാഹന നിര ചിലപ്പോൾ ജംക‍്ഷൻ വരെ നീളും. ഈ വളവിൽ വാഹനങ്ങളിൽ നിന്ന് ഇറങ്ങാതെ തന്നെ മീൻ വാങ്ങുന്നവരുണ്ട്. ഏറെ അപകട സാധ്യതയുള്ള സ്ഥലമാണെന്ന് കാൽനട യാത്രക്കാരും സമീപത്തെ കച്ചവടക്കാരും നാട്ടുകാരും മുന്നറിയിപ്പ് നൽകുന്നത്. ഏതാനും മീറ്റർ അപ്പുറത്ത് പഞ്ചായത്ത് വക മത്സ്യ മാർക്കറ്റ് ഉണ്ടെന്നിരിക്കെയാണ് അനധികൃത മത്സ്യ വിൽപന ഇവിടെ നടക്കുന്നത്.
പിഴുതു മാറ്റിയ മുന്നറിയിപ്പ് ബോർഡിന്റെ പകരം പാലക്കുന്നിലെ ബ്രദേഴ്സ് ക്ലബ് പ്രവർത്തകർ കോൺക്രീറ്റിട്ട് ബോർഡ് പുന:സ്ഥാപിച്ചു. കവല സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചുറ്റും വർണ റിബണും ചെടിചട്ടികളും നിരത്തി. മലിനമായ ഇടം വൃത്തിയാക്കി കുമ്മായവും വിതറി. ഇനിയാരും ഈ കവല വൃത്തികേടാക്കില്ലെന്ന വിശ്വാസത്തിലാണ് ക്ലബ് പ്രവർത്തകർ ഉൾപ്പെടെയുള്ളവരും നാട്ടുകാരും വ്യാപാരികളും. മത്സ്യവിൽപനക്കായി പാലക്കുന്നിൽ സംസ്ഥാന പാതയോരത്ത് കെട്ടിടം നിർമിച്ചിട്ട് വർഷങ്ങളായി. കെട്ടിടത്തിനകത്തെ സൗകര്യങ്ങൾ മത്സ്യവിൽപനയ്ക്ക് അപര്യാപ്തമാണെന്നാണ് വിൽപനക്കാരുടെ പരാതി.
മാർക്കറ്റിൽ മത്സ്യവിൽപനയക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്തി നവീകരിക്കാനാണ് ഉദുമ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. അതിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് നവീകരണ പ്രവൃത്തികൾ തുടങ്ങുമെന്ന് പ്രസിഡന്റ് പി. ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു. പണി പൂർത്തിയാകുന്നതോടെ പാതയോരത്തെ മത്സ്യവിൽപന പൂർണമായും ആ കെട്ടിടത്തിലേക്ക് മാറും. അതോടെ റോഡ് വക്കിലുള്ള മത്സ്യ വിൽപന അവസാനിക്കുമെന്നും ഇവർ പറഞ്ഞു.