ആട്ടവും പാട്ടുമായി ബീച്ച് ഫെസ്റ്റ്; ബേക്കലിൽ ഇനി രണ്ടുനാൾ രാവുറങ്ങില്ല

Mail This Article
ബേക്കൽ ∙ ഉത്സവരാവിന്റ ആവേശവും ഡിസംബറിന്റെ കുളിരും ആവാഹിച്ച് പുതുവത്സരത്തിലേക്ക് കടക്കാൻ ഒരുക്കങ്ങളുമായി ബേക്കൽ തീരം. ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി രാവ് പുലരുവോളം വിവിധ പരിപാടികളാണ് ഇന്നും നാളെയും ഒരുക്കിയിട്ടുള്ളത്.ആട്ടവും പാട്ടും വിസ്മയക്കാഴ്ചകളും രുചിയേറും ഭക്ഷണങ്ങളുമാണ് ബേക്കൽ ഫെസ്റ്റിനെ ആകർഷകമാക്കുന്നത്. നാളെ രാത്രിയിലെ പുതുവത്സര ആഘോഷത്തോടെ ഫെസ്റ്റ് സമാപിക്കും. അഡ്വഞ്ചർ, അമ്യൂസ്മെന്റ്, വാട്ടർ സ്പോർട്സ് അടക്കമുള്ള ഉല്ലാസ ഇനങ്ങളും ഒട്ടേറെ ഭക്ഷണശാലകളും വിപണന സ്റ്റാളുകളും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.
പുതുവത്സര പുലർച്ചെ വരെ വിവിധ കലാപരിപാടികൾ അരങ്ങേറും. പുതുവത്സരത്തലേന്ന് കരിമരുന്നു പ്രയോഗവും നടക്കും. 30 അടി ഉയരമുള്ള ക്രിസ്മസ് പാപ്പായുടെ പ്രതിമയും ബേക്കലിൽ ഒരുക്കിയിട്ടുണ്ട്. 50 രൂപയാണ് പ്രവേശന ഫീസ്. ബിആർഡിസി, ടൂറിസം വകുപ്പ്, ഡിടിപിസി വിവിധ തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സി.എച്ച്.കുഞ്ഞമ്പു എംഎൽഎയാണ് ചെയർമാൻ.

ഡിസംബർ 22ന് ആരംഭിച്ച ഫെസ്റ്റിന് മികച്ച ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് ഫെസ്റ്റിവൽ കോഓർഡിനേറ്ററും ബിആർഡിസി എംഡിയുമായ ഷിജിൻ പറമ്പത്ത് പറഞ്ഞു. കെ.എസ്.ചിത്ര, എം.ജി.ശ്രീകുമാർ, ശോഭന, ശിവമണി തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ബേക്കൽ സാക്ഷ്യം വഹിച്ചത്. ഇന്നും നാളെയും ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ സംഗമവും പുതുവത്സരാഘോഷവും ബേക്കൽ ബീച്ച് പാർക്കിൽ നടക്കും.
പരിപാടികൾ ഇങ്ങനെ
ഇന്ന്∙
വേദി ഒന്ന്(ബേക്കൽ ബീച്ച്) രാത്രി 7ന് ഒന്നാം വേദിയിൽ ഗാനരചയിതാവ് റഫീഖ് അഹമ്മദിന്റെ പ്രഭാഷണം.
സന്തോഷ് ജോർജ് കുളങ്ങര പങ്കെടുക്കും. 8.00: ഗൗരിലക്ഷ്മിയുടെ മ്യൂസിക്കൽ ബാൻഡ്.
∙വേദി രണ്ട്(റെഡ്മൂൺ ബീച്ച്)വൈകിട്ട് 5 മുതൽ: ബേവൂരി സൗഹൃദയ വായനശാലയുടെ കൈക്കൊട്ടിക്കളി
ഉണ്ണികൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക.
കമലപ്ലാവ് കൂട്ടായ്മയുടെ മംഗലംകളി.
സംസ്കൃത ആലക്കോടിന്റെ കൈക്കൊട്ടിക്കളി ഇരുളാട്ടം.
രാത്രി 7.00: സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ചെറുകഥയെ ആസ്പദമാക്കി റഫീഖ് മണിയങ്കാനം സംവിധാനം നിർവഹിച്ച ചന്ദ്രഗിരി കലാസമിതിയുടെ നാടകം ‘ബസുമതി’
നാളെ
∙വേദി ഒന്ന്(ബേക്കൽ ബീച്ച്)
വൈകിട്ട് 6.30: സാംസ്കാരിക സദസ്സ് (ഗോപിനാഥൻ മുതുകാട്)
രാത്രി 7.30: റാസാ ബീഗത്തിന്റെ ഗസൽ
ശേഷം: തേക്കിൻകാട് ബാൻഡ്, ആട്ടം കലാസമിതി എന്നിവയുടെ മെഗാ ന്യൂ ഇയർ നൈറ്റ്
വേദി 2(റെഡ് മൂൺ ബീച്ച്))
വൈകിട്ട് 5 മുതൽ: അമൃത സുരേഷിന്റെ ഡാൻസ്
പൂരക്കളി
ക്ഷേമ കാസർകോടിന്റെ ഡാൻസ്
കലികയുടെ സംഘനൃത്തം
ഏക്കാൽ നവശക്തിയുടെ ഫോക് ഡാൻസ്
കണ്ണാന്തളി നാട്ടറിവ് സംഘത്തിന്റെ സംഘനൃത്തം
ഫ്രണ്ട്സ് വെളുത്തോളിയുടെ സംഘനൃത്തം.
സംഘചേതന കുതിരക്കോടിന്റെ കൈക്കൊട്ടിക്കളി