ADVERTISEMENT

ചിറ്റാരിക്കാൽ∙ വീടിനു സമീപത്തെ കിണർ വൃത്തിയാക്കുന്നതിനിടയിൽ കിണറിൽനിന്നു മനുഷ്യന്റെ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ചിറ്റാരിക്കാൽ ഇരുപത്തിയഞ്ചിലെ കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറിലാണ് ഒരു വർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്. ഇതോടൊപ്പമുണ്ടായിരുന്ന വസ്ത്രങ്ങൾക്കൊപ്പം കടുമേനി പാവലിലെ കണ്ടനാമറ്റത്തിൽ കുര്യൻ (അനീഷ്–40) ന്റെ തിരിച്ചറിയൽ കാർഡും ലഭിച്ചിരുന്നു. ഇയാളെ കഴിഞ്ഞ ഒരുവർഷമായി കാണാതായതാണ്. അതുകൊണ്ടുതന്നെ ശരീരാവശിഷ്ടങ്ങൾ ഇയാളുടെതാകാനാണ്  സാധ്യതയെന്നാണ് പൊലീസ് നിഗമനം. 

ചിറ്റാരിക്കാൽ കാരയിലെ താമസക്കാരനായ ബേബി കുര്യാക്കോസിന്റെ ഇരുപത്തിയഞ്ചിലെ ആശുപത്രിക്കു സമീപത്തുള്ള വീട്ടുവളപ്പിൽ വീടിനു സമീപം രണ്ടു കിണറുകളുമുണ്ട്. ഈ വീട് വാടകയ്ക്കു നൽകിയിരിക്കുകയാണ്. വീടിനോടു ചേർന്നുള്ള കിണറിൽ വെള്ളം വറ്റിയതോടെയാണ് സമീപത്തുതന്നെയുള്ള ജലസമൃദ്ധമായ ഉപയോഗിക്കാത്ത കിണർ വൃത്തിയാക്കാൻ വീട്ടുകാർ തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കിണറിലെ വെള്ളവും ചെളിയും നീക്കുന്നതിനിടയിലാണ്  തലയോട്ടിയും അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും ചെരിപ്പുമെല്ലാം കണ്ടെത്തിയത്. വിവരം തൊഴിലാളികൾ വീട്ടുടമയെ അറിയിച്ചെങ്കിലും അദ്ദേഹം നാട്ടിലുണ്ടായിരുന്നില്ല.

കാണാതായ കുര്യൻ
കാണാതായ കുര്യൻ

ഇന്നലെ രാവിലെ സ്ഥലത്തെത്തിയ ബേബി, ചിറ്റാരിക്കാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഫൊറൻസിക് സയന്റിഫിക് ഓഫിസർ എം.എം.ഹരികൃഷ്ണന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ശരീരാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലീസ് ഇൻസ്‌പെക്ടർമാരായ കെ.ജി.രതീഷ്, യു.അരുണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കടുമേനി പാവലിലെ കണ്ടനാമറ്റത്തിൽ അഗസ്റ്റിന്റെയും ചിന്നമ്മയുടെയും മകനാണ് കാണാതായ കുര്യൻ (അനീഷ്–40). സഹോദരങ്ങൾ: തോമസ് (സന്തോഷ്), അഭിലാഷ്, ബിന്ദു.‍

കുര്യനെ കാണാതായിട്ട് ഒന്നര വർഷം
ചിത്രാടിയിലെ കണ്ടനാമറ്റത്തിൽ അഗസ്റ്റിന്റെയും ചിന്നമ്മയുടെയും മകനായ കെ.എ.കുര്യനെ (അനീഷ്–40) 2022 നവംബർ മുതലാണ് കാണാതായത്. അവിവാഹിതനായ ഇയാൾ ചിത്രാടിയിൽ ഒറ്റയ്ക്കായിരുന്നു താമസം. പലപ്പോഴും ഇയാൾ ചെറിയ തോതിൽ മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. വീട്ടിൽനിന്നും ഇടയ്ക്കിടെ ഇറങ്ങിപ്പോകാറുള്ള ഇയാൾ ഒരു മാസത്തിലെറെ കഴിഞ്ഞാണ് തിരിച്ചെത്താറുള്ളത്. ഇയാളെ കാണാതായിട്ടും ബന്ധുക്കൾ പരാതി നൽകാൻ വൈകിയതും ഇതിനാലാണ്. കുര്യനെ ഏറെ നാൾ കാണാതായതിനാൽ 2023 ഏപ്രിൽ 4 നാണ് മാതാവ് ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com