ഇല്ലാത്ത ഫെയർ സ്റ്റേജിന്റെ പേരിൽ സ്വകാര്യ ബസുകൾ അധിക നിരക്ക് ഈടാക്കുന്നതായി പരാതി
Mail This Article
കാഞ്ഞങ്ങാട് ∙ ഇല്ലാത്ത ഫെയർ സ്റ്റേജിന്റെ മറവിൽ സ്വകാര്യ ബസുകൾ അധിക നിരക്ക് ഈടാക്കുന്നതായി പരാതി. കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് മാവുങ്കാൽ, കോട്ടപ്പാറ വഴി മലയോര മേഖലയിലേക്ക് പോകുന്ന സ്വകാര്യ ബസുകളാണ് ഫെയർ സ്റ്റേജിന്റെ മറവിൽ അധിക നിരക്ക് ഈടാക്കുന്നതായി പരാതിയുയർന്നത്. മടിക്കൈ, കാസർകോട് റൂട്ടിലെ ബസുകളെല്ലാം മാവുങ്കാലിലേക്കു മിനിമം നിരക്കായ 10 രൂപ വാങ്ങുമ്പോൾ, കോട്ടപ്പാറ വഴിയുള്ള ബസുകൾ 13 രൂപയാണ് ഈടാക്കുന്നത്. കിഴക്കും കരയിൽ തങ്ങൾക്ക് ഫെയർ സ്റ്റേജ് ഉള്ളതു കൊണ്ടാണ് അധിക നിരക്കു വാങ്ങുന്നതിന് കാരണമായി പറയുന്നത്. എന്നാൽ, ഇത്തരമൊരു ഫെയർ സ്റ്റേജ് ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി.
1974 ഒക്ടോബർ 28 ന് പ്രാബല്യത്തിൽ വന്ന കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിലെ ഫെയർ സ്റ്റേജിലും, 1974 ഒക്ടോബർ 18ന് നടന്ന ആർടിഎ യോഗത്തിൽ അംഗീകരിച്ച കൊന്നക്കാട് - ഒടയംചാൽ - കാഞ്ഞങ്ങാട് റൂട്ടിലെ ഫെയർ സ്റ്റേജുകളിലും കിഴക്കുംകര കാണാനില്ല. അതേസമയം, കാഞ്ഞങ്ങാട്–കൊന്നക്കാട് റൂട്ടിനു 53.9 കിലോമീറ്റർ ദൈർഘ്യമുണ്ടെന്നു ഫെയർ സ്റ്റേജ് നിർണയിച്ച രേഖയിൽ പറയുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ രേഖകളിലും സ്വകാര്യ ബസുകൾ പെർമിറ്റ് ലഭിക്കാൻ കൊടുത്ത രേഖയിലും 49 കിലോമീറ്ററാണ് ഈ റൂട്ടിലുള്ള ദൂരം. ഈ രീതിയിൽ ഫെയർ സ്റ്റേജ് പരിഷ്കരിച്ചാൽ കൊന്നക്കാടേക്ക് ടിക്കറ്റ് നിരക്കിൽ 5-8 രൂപയുടെയും മാവുങ്കാൽ മുതൽ പരപ്പ വരെ 2-3 രൂപയുടെയും കുറവ് വരും.
ഇല്ലാത്ത കിഴക്കുംകര സ്റ്റേജിന്റെ മറവിൽ മാത്രം പ്രതിദിനം അര ലക്ഷം രൂപ സ്വകാര്യ ബസുകൾക്ക് ലഭിക്കുന്നുണ്ടെന്നാണു ആരോപണം. അതേ സമയം കിഴക്കും കരയിൽ ഫെയർ സ്റ്റേജ് ഉള്ളതായി കെഎസ്ആർടിസി വിവരാവകാശ മറുപടിയിൽ അവകാശപ്പെടുന്നുണ്ട്. മോട്ടർ വാഹന ചട്ടങ്ങൾ 1989, ചട്ടം 211 ആണ് ഇതിന് അധികാരം നൽകുന്നത്. ഹ്രസ്വദൂര യാത്രക്കാരിൽ നിന്ന് അധികം പണം വാങ്ങുന്ന നടപടി അവസാനിപ്പിക്കണമെന്നാണു ആവശ്യം.വെള്ളരിക്കുണ്ട് - കാലിച്ചാനടുക്കം- ഏഴാംമൈൽ - കാഞ്ഞങ്ങാട് റൂട്ടിൽ നിലവിൽ കെഎസ്ആർടിസിക്ക് ഓർഡിനറി സർവീസ് ഇല്ലെങ്കിലും മുൻപ് ഇതുവഴി ഫെയർ സ്റ്റേജ് നിർണയിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകാർ വാങ്ങുന്ന പോർക്കളം സ്റ്റേജ് ഒഴിവാക്കിയിട്ടു പോലും 40 കിലോമീറ്റർ ദൂരത്തിനു 50 കിലോമീറ്ററിന്റെ ഫെയർ സ്റ്റേജ് ആണ് നിശ്ചയിച്ചിട്ടുള്ളത്. സ്വകാര്യ ബസുകൾ ഏഴാംമൈൽ മുതൽ കാലിച്ചാനടുക്കം വരെ 10 കിലോമീറ്റർ ഓടാൻ 15 കിലോമീറ്ററിന്റെ നിരക്ക് ഈടാക്കും. രണ്ടര കിലോമീറ്റർ അകലത്തിൽ സ്റ്റേജുകൾ വേണമെന്ന് നിയമം പറയുമ്പോൾ, ഇവിടെ ഒരു കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിനു വരെ ഫെയർ സ്റ്റേജുണ്ട്. ശാസ്ത്രീയമായി പരിഷ്കരിച്ചാൽ തായന്നൂരിൽ നിന്ന് കാഞ്ഞങ്ങാട് എത്താൻ 35ന് പകരം 28 രൂപ മതിയെന്നാണ് യാത്രക്കാർ ഉന്നയിക്കുന്ന വാദം.
ഫെയർ സ്റ്റേജ് പരിഷ്കാരം; മടിക്കൈ മാതൃക
കാഞ്ഞങ്ങാട് - കാരാക്കോട്, കാഞ്ഞിരപ്പൊയിൽ റൂട്ടുകളിലെ ഫെയർ സ്റ്റേജ് 2022 ഏപ്രിൽ 29നാണ് പരിഷ്കരിച്ചത്. 2015ൽ വിജിലൻസ് ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടും സ്വകാര്യ ബസുടമകളുടെ സമ്മർദത്തിൽ മോട്ടർ വാഹന വകുപ്പ് തുടർ നടപടി നീണ്ടു. ജനം പരാതിയിൽ ഉറച്ചു നിന്നതോടെ പരിഷ്കരണം നടപ്പാക്കി.