കരീലക്കുളങ്ങര അപകടം, കഞ്ചാവുകടത്ത്: അന്വേഷണം കൊട്ടാരക്കരയിലേക്ക്

Mail This Article
കൊട്ടാരക്കര ∙ കായംകുളം കേന്ദ്രീകരിച്ചുള്ള കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം കൊട്ടാരക്കരയിലേക്ക്. കഴിഞ്ഞ ദിവസം ആലപ്പുഴ കരീലക്കുളങ്ങരയിൽ അപകടത്തിൽപ്പെട്ട കാർ കൊട്ടാരക്കര സ്വദേശിയുടേതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഈ കാറിൽനിന്നു കഞ്ചാവ് കണ്ടെത്തിയിരുന്നു. കായംകുളം സ്വദേശികളായ രണ്ടു കാപ്പാ കേസ് പ്രതികൾ ഒരാഴ്ചയോളം കൊട്ടാരക്കരയിലെ ലോഡ്ജിൽ തങ്ങിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.
കൊട്ടാരക്കരയിൽ ഈയിടെ കഞ്ചാവുകേസിൽ അറസ്റ്റിലായ പ്രതികളുടെ ഫോൺ രേഖകളിൽ നിന്നു കായംകുളം ബന്ധം സൂചിപ്പിക്കുന്ന വിവരങ്ങളും പൊലീസിനു ലഭിച്ചു. ഈയിടെ തേനിയിൽനിന്നു കഞ്ചാവുമായി വന്ന കാർ എറണാകുളം– കുമളി റോഡിൽ അപകടത്തിൽപ്പെട്ടിരുന്നു. ഇതിൽനിന്നു രക്ഷപ്പെട്ട യാത്രക്കാർ മറ്റൊരു വാഹനത്തിൽ കഞ്ചാവ് കായംകുളത്ത് എത്തിച്ചതായാണു വിവരം. ഇതേ സംഘം കാറിൽ കടത്തിയ നാലു കിലോ കഞ്ചാവ് കൊട്ടാരക്കര പൊലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്തു. എന്നാൽ കാറിലുണ്ടായിരുന്ന രണ്ടു പേരെ പിടികൂടാനായില്ല.
കരീലക്കുളങ്ങരയിലെ കഞ്ചാവു കടത്തു കേസിൽ ഐജി ഹർഷിത അട്ടലൂരിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നർകോട്ടിക് ബ്യൂറോയുടെ സഹായവും തേടിയിട്ടുണ്ട്. ആന്ധ്രയിൽനിന്നും തമിഴ്നാട്ടിൽനിന്നും മൊത്തവിലയ്ക്കു കായംകുളത്ത് എത്തിക്കുന്ന കഞ്ചാവിൽ ഏറെയും കൊട്ടാരക്കര കേന്ദ്രീകരിച്ചാണു വിൽക്കുന്നതെന്നാണു വിവരം. ഇവിടെനിന്നു കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു ചില്ലറ വിൽപനയ്ക്കും എത്തിക്കുന്നു.