ഒരു ഒഴിവിന് ആയിരം പേർ!; തൊഴിലില്ലായ്മയുടെ നേർച്ചിത്രമായി ഈ ആൾക്കൂട്ടം– വിഡിയോ

Mail This Article
കൊല്ലം ∙ ഒരു ഒഴിവ് മാത്രം ഉണ്ടായിട്ടും മിൽമ തേവള്ളി ഡെയറിയിലെ താൽക്കാലിക ഡ്രൈവർ തസ്തികയിലേക്കുള്ള അഭിമുഖത്തിന് എത്തിയത് ആയിരത്തോളം പേർ. മിൽമ കൊല്ലം ഡെയറിയിലെ ഡ്രൈവർ കം ഓഫിസ് അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള അഭിമുഖത്തിനാണ് ഇന്നലെ ഇത്രയധികം പേർ എത്തിയത്.
കോവിഡ് കാലത്തെ തൊഴിലില്ലായ്മയുടെ നേർച്ചിത്രമായി മിൽമയുടെ മുന്നിലെ ആൾക്കൂട്ടം. തിരക്കേറിയതോടെ പൊലീസ് സ്ഥലത്തെത്തി, നിയന്ത്രണങ്ങളോടെയാണ് ഉദ്യോഗാർഥികളെ പ്രവേശിപ്പിച്ചത്. ഡെയറിയുടെ ഗേറ്റിൽനിന്നു റോഡിലേക്കു ക്യൂ നീണ്ടു. പത്താം ക്ലാസ്, ബാഡ്ജോടു കൂടിയ ഡ്രൈവിങ് ലൈസൻസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകളാണു അപേക്ഷിക്കാൻ വേണ്ടിയിരുന്നത്. 17,000 രൂപയാണു ശമ്പളം. കോവിഡ് കാലത്തു തൊഴിൽ നഷ്ടപ്പെട്ട ഡ്രൈവർമാരാണു കൂടുതലും എത്തിയതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
ഇതരജില്ലകളിൽനിന്നു പോലും ഒട്ടേറെപ്പേർ എത്തിയിരുന്നു. ക്യൂ വളരെ നീളത്തിൽ നീണ്ടപ്പോഴാണ് ഒരു ഒഴിവ് മാത്രമാണ് ഉള്ളതെന്ന വിവരം പ്രചരിച്ചത്. നോട്ടിഫിക്കേഷനിൽ ഇക്കാര്യം വ്യക്തമല്ലായിരുന്നു. ക്യൂവിൽ നിന്ന ഒട്ടേറെപ്പേർ ഇതെത്തുടർന്ന് അഭിമുഖത്തിൽ പങ്കെടുക്കാതെ തിരിച്ചു പോയി. 383 പേരെ ടോക്കൺ നൽകി അകത്തു പ്രവേശിപ്പിച്ചെന്നും അതിൽ നിശ്ചയിക്കപ്പെട്ട യോഗ്യതകളുണ്ടായിരുന്ന 272 പേർ അഭിമുഖത്തിൽ പങ്കെടുത്തെന്നും മിൽമ അധികൃതർ അറിയിച്ചു.