ആവണീശ്വരം സ്റ്റേഷനിൽ നിർമാണം വീണ്ടും തുടങ്ങി

Mail This Article
ആവണീശ്വരം ∙ റെയിൽവേ സ്റ്റേഷനിൽ ലോക്ഡൗണിനെ തുടർന്നു നിലച്ച നിർമാണ പ്രവൃത്തികൾ തുടങ്ങുന്നു. മേൽപാലം നിർമാണം, പ്ലാറ്റ്ഫോം ഉയർത്തൽ എന്നീ ജോലികളാണു പുനരാരംഭിക്കുന്നത്. മേൽപാലത്തിന് ആവശ്യമായ ഇരുമ്പ്-ഉരുക്ക് ഗർഡറുകൾ ഇറക്കി. തൂണുകൾ സ്ഥാപിക്കുന്നതിനുള്ള അടിത്തറ നേരത്തേ കെട്ടിയിരുന്നു.അടുത്ത ദിവസം മുതൽ ഇവ സ്ഥാപിക്കുമെന്നാണു വിവരം.
ഇതോടൊപ്പം അനുവദിച്ച ശുചിമുറി, ഭിന്നശേഷിക്കാർക്കു യാത്ര ചെയ്യാനുള്ള പാത എന്നിവയുടെ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു. രണ്ടു പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപാലം പൂർത്തിയാകുന്നതു യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകും. പ്ലാറ്റ്ഫോമിനു വളവുള്ള സ്റ്റേഷനായതിനാൽ എതിർ വശത്തു നിന്നു ട്രെയിൻ അടുത്തെത്തിയാൽ മാത്രമാണു കാണാൻ കഴിയുക.
മാത്രവുമല്ല പ്ലാറ്റ്ഫോമുകൾ ചാടി കടന്നു മറുഭാഗത്തെത്തുക പ്രയാസകരവുമാണ്. കാൽനട മേൽപാലത്തിനും പ്ലാറ്റ് ഫോം ഉയർത്തലിനുമായി നിർമാണത്തിലിരുന്ന ഭാഗങ്ങൾ, കാടു പിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയതിനെക്കുറിച്ചു മനോരമ വാർത്ത നൽകിയിരുന്നു.