ADVERTISEMENT

കൊല്ലം ∙ കെഎസ്ആർടിസി ഡിപ്പോ മുതൽ ഓലയിൽക്കടവു വരെയുള്ള ലിങ്ക് റോഡ് നിർമാണം പൂർത്തിയാകുന്നു. ഓണത്തിനു മുൻപു ഗതാഗതത്തിനു തുറന്നു കൊടുക്കും. ടാറിങ് ജോലികൾ പൂർത്തിയായി. 48 വഴിവിളക്കുകൾ സ്ഥാപിച്ചു പരീക്ഷണാർഥം പ്രകാശിപ്പിച്ചു. മേൽപാലത്തിന്റെ കൈവരിയിൽ രണ്ടാം തവണ ചായം തേക്കുന്ന ജോലി തുടരുന്നു. റോഡിൽ വെള്ളവര ഉൾപ്പെടെയുള്ള അടയാളപ്പെടുത്തലാണ് നടത്താനുള്ളത്. മഴ കാരണമാണ് കാലതാമസമുണ്ടായത്.

കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ നിന്ന് ഓലയിൽക്കടവിൽ എത്തുന്ന റോഡ്, ബോട്ട് ജെട്ടിക്കു സമീപം 90 മീറ്റർ മാത്രമാണ് കരയിലുള്ളത്.തുടർന്ന്, അഷ്ടമുടിക്കായലിനു മുകളിലൂടെ 940 മീറ്റർ മേൽപാലമാണ്. 2017ൽ 103 കോടി രൂപയ്ക്കാണ് കരാ‍ർ ഒപ്പിട്ടത്. 3 വർഷം കൊണ്ടു പണി പൂർത്തിയാക്കാനായിരുന്നു കരാർ. ഓലയിൽക്കടവിൽ നിന്നു തേവള്ളി വഴി തോപ്പിൽക്കടവ് വരെയുള്ള അവസാനഘട്ട നിർമാണം ഇപ്പോഴും ഫയലിലാണ്. ഇതു കൂടി പൂർത്തിയായെങ്കിൽ മാത്രമേ ലിങ്ക് റോഡ് പൂർണതോതിൽ പ്രയോജനപ്പെടുകയുള്ളൂ.

അവസാനഘട്ടം: കിഫ്ബി സംഘം എത്തി ലിങ്ക് റോഡിന്റെ അവസാന ഘട്ട നിർമാണം സംബന്ധിച്ചു വിലയിരുത്തുന്നതിനു കിഫ്ബി സംഘം സ്ഥലം സന്ദർശിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. ഓലയിൽക്കടവിൽ നിന്നു തേവള്ളിപ്പാലത്തിന്റെ അടിയിലൂടെ തോപ്പിൽക്കടവിലെത്തുന്ന വിധമാണ് അവസാന ഘട്ടത്തിന്റെ രൂപരേഖ.

തേവള്ളിപ്പാലത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ലിങ്ക് റോഡ് വഴി ഉയരമുള്ള വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ കിഫ്ബി സംഘം പരിശോധിച്ചു. പരിശോധനാ റിപ്പോർട്ട് ഇതുവരെ നൽകിയിട്ടില്ല. കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് അവസാന ഘട്ട നിർമാണം. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com