2 ലക്ഷം രൂപ കരുതൽ തുക, 20,000 രൂപ മാസ വാടക; പഴയ കെഎസ്ആർടിസി ബസ് മിൽമ എടുത്തു

Mail This Article
കൊല്ലം ∙ കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി പഴയ ബസിൽ മിൽമ ഉൽപന്നങ്ങളുടെ വിൽപനശാല ആരംഭിക്കുന്നു. കുടുംബശ്രീയുമായി ചേർന്ന്, ഉപയോഗശൂന്യമായ ബസിൽ ആരംഭിച്ച പിങ്ക് കഫേയുടെ മാതൃകയിലായിരിക്കും മിൽമ വിൽപനശാലയും. പിങ്ക് കഫേ പ്രവർത്തനം നിലച്ചിട്ട് 4 മാസം കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയായിട്ടില്ല. ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസ് 2 ലക്ഷം രൂപ കരുതൽ തുക നൽകിയാണ് മിൽമ വിൽപനശാല നിർമാണത്തിനായി വാടകയ്ക്ക് എടുത്തിരിക്കുന്നത്.

കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്ക് മുൻവശത്താണ് മിൽമ ഡിപ്പോ സ്ഥാപിക്കുന്നത്. 4 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മിൽമ കൊല്ലം പ്ലാന്റിന്റെ നേതൃത്വത്തിൽ വിൽപനശാല നിർമാണം പുരോഗമിക്കുന്നത്. പഴയ ബസ് വിൽപനശാല പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയ ശേഷം നടത്തിപ്പിനായി കരാർ ക്ഷണിക്കും. കരാർ ഏറ്റെടുക്കുന്നവർ ബസിന്റെ പ്രതിമാസ വാടകയായ 20,000 രൂപ കെഎസ്ആർടിസിക്ക് നൽകണം. പിങ്ക് കഫേ കഴിഞ്ഞ വർഷം ഡിസംബറിലാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തത്.
പ്രവർത്തനം ആരംഭിച്ചു ആറു മാസത്തിനു ശേഷം ഭീമമായ പ്രവർത്തന ചെലവും വൈദ്യുതിയുടെയും ജലത്തിന്റെയും ലഭ്യതയിൽ കെഎസ്ആർടിസിയുമായുള്ള പ്രശ്നങ്ങളും കാരണം പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. നീരാവിലുള്ള കുടുംബശ്രീ യൂണിറ്റാണ് പിങ്ക് കഫേ നടത്തിയിരുന്നത്. പ്രവർത്തന ചെലവും വരുമാനവും യോജിച്ചു പോകാത്തതു കാരണമാണ് കഫേ പ്രവർത്തനം അവസാനിപ്പിച്ചത്. താലൂക്ക് കച്ചേരി ജംക‍്ഷനിലെ കെഎസ്ആർടിസി ഗാരേജ് വളപ്പിലായിരുന്നു പിങ്ക് കഫേ പ്രവർത്തിച്ചിരുന്നത്.