ADVERTISEMENT

കൊല്ലം ∙ മിൽമ ഐസ്ക്രീമിന്റെ വ്യാപാര രഹസ്യം ചോർത്തി സഹോദരിയുടെ പേരിലുള്ള സ്വകാര്യ കമ്പനിക്കു കൈമാറിയിട്ടുണ്ടാകാമെന്ന വിജിലൻസ് റിപ്പോർട്ടിനെത്തുടർന്നു മിൽമയിലെ ഉന്നത ഉദ്യോഗസ്ഥനെ അടിയന്തരമായി സ്ഥലം മാറ്റാൻ സർക്കാർ ഉത്തരവ്. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഹെഡ് ഓഫിസിലെ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്‌ഷൻ ആൻഡ് പ്ലാനിങ്) ഷൈൻ ജോസഫിനെതിരെയാണു നടപടി. ഐസ്ക്രീമിന്റെ ഉൽപാദനം, വിപണനം തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെടാൻ അവസരം ഉണ്ടാകാത്ത മറ്റേതെങ്കിലും വിഭാഗത്തിലേക്കു ഷൈൻ ജോസഫിനെ മാറ്റണമെന്നാണ് ക്ഷീര വികസന വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.

ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ നടത്തി മാസങ്ങൾക്കു മുൻപ് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും രാഷ്ട്രീയ സമ്മർദത്തെതുടർന്നു നടപടി വൈകിപ്പിക്കുകയായിരുന്നു. മിൽമയിലെ  ക്രമക്കേടുകൾ അടുത്തിടെ ‘മനോരമ’ പുറത്തുകൊണ്ടുവന്നിരുന്നു. നെയ്യാറ്റിൻകരയ്ക്കു സമീപം ഐസ്ക്രീം പ്ലാന്റ് സ്ഥാപിച്ചു മിൽമയുടെ പ്രവർത്തന മേഖലയിൽ തന്നെ വിപണനം ചെയ്യുന്നുവെന്നും മിൽമ ഐസ്ക്രീമിന്റെ വ്യാപാര രഹസ്യം (ട്രേഡ് സീക്രട്ട്) ഈ സ്ഥാപനത്തിനായി ചോർത്തിയെന്നുമുള്ള പരാതിയെത്തുടർന്നായിരുന്നു വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്– ഒന്ന് അന്വേഷണം നടത്തിയത്. 

ഐസ്ക്രീം പ്ലാന്റിന്റെ ലൈസൻസ് സഹോദരിയുടെ പേരിലാണെങ്കിലും ഷൈൻ ജോസഫ് പല ദിവസങ്ങളിലും ഇവിടെ സന്ദർശനം നടത്താറുണ്ടെന്നും വിജിലൻസ് കണ്ടെത്തി. മിൽമ ഐസ്ക്രീമിന്റെ വ്യാപാര രഹസ്യം മനസ്സിലാക്കി സഹോദരിയുടെ സ്ഥാപനത്തിനു കൈമാറാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഉദ്യോഗസ്ഥൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ പ്രത്യേക അന്വേഷണം നടത്താവുന്നതാണെന്നും വിജിലൻസ് എസ്പി ശുപാർശ ചെയ്തിരുന്നു.

‘ഫ്രോസൺ പ്രോ‍‍ഡക്ട്സ്’ വിഭാഗം തുടങ്ങും

മിൽമയുടെ ഐസ്ക്രീം, തൈര്, പനീർ തുടങ്ങിയ ശീതീകരിച്ച ഉൽപന്നങ്ങളുടെ ഉൽപാദനം, വിപണനം തുടങ്ങിയവയ്ക്കായി ‘ഫ്രോസൺ പ്രോ‍‍ഡക്ട്സ്’ എന്ന പേരിൽ പ്രത്യേക വിഭാഗം ആരംഭിക്കാൻ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ തീരുമാനിച്ചു. നിലവിൽ പ്രൊഡക്‌ഷൻ ആൻഡ് പ്ലാനിങ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഈ ഉൽപന്നങ്ങളുടെ ഉൽപാദനവും വിതരണവും. വിജിലൻസ് റിപ്പോർട്ടിനെത്തുടർന്നാണ് നടപടി.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com