കൊല്ലം ബൈപാസിലെ ടോൾ പ്ലാസ പൊളിച്ചുനീക്കുന്നു; ആറ് വരിപ്പാതയാകുമ്പോൾ ജിപിഎസ് ടോൾ സംവിധാനം

Mail This Article
അഞ്ചാലുംമൂട് ∙ കൊല്ലം ബൈപാസിലെ ടോൾ പ്ലാസ ഇനി ഓർമകളിൽ. ദേശീയപാത 66 ൽ കൊല്ലം ബൈപാസിലെ കുരീപ്പുഴയിൽ സ്ഥാപിച്ചിരുന്ന ടോൾ ബൂത്തുകളാണ് ഇന്നലെ പൊളിച്ചു നീക്കി തുടങ്ങിയത്. 2019 ജനുവരി 15നാണ് ബൈപാസ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് 2021 ജൂൺ മുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. തുടക്കത്തിലെ നിരക്കിൽ നിന്നു മാറ്റം വരുത്തി കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ ടോൾ നിരക്കിൽ വലിയ വർധന വരുത്തുകയും ചെയ്തിരുന്നു.
ദേശീയപാതയിലെ 6 വരി പാതയുടെ നിർമാണത്തിന്റെ ഭാഗമായി ബൈപാസിലും റോഡ് നിർമാണം ആരംഭിച്ചതോടെ ബൈപാസിൽ ഗതാഗതം താറുമാറാവുകയും ചെയ്തു.
ഇതോടെ ഡിവൈഎഫ്ഐ നേതൃത്വം പ്രതിഷേധവുമായി രംഗത്ത് എത്തുകയും ടോൾ പിരിവ് നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് സെപ്റ്റംബർ 22 മുതൽ ടോൾ പിരിവ് നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത അധികൃതരുടെ യോഗം വിളിച്ച് ടോൾ പിരിവ് നിർത്തി വയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ആറ് വരിയായി പാത മാറുന്ന എൻഎച്ച് 66 ൽ പുതിയ ടോൾ ബൂത്തുകൾ ഉണ്ടാകില്ല. പകരം ജിപിഎസ് ടോൾ സംവിധാനത്തിലൂടെ ദേശീയപാതയിലൂടെ വാഹനം ഓടുന്ന ദൂരം കണക്കാക്കി ഫീസ് ഈടാക്കുന്ന സംവിധാനമാകും നിലവിൽ വരുന്നതെന്നാണ് ദേശീയപാത വിഭാഗം അധികൃതർ വ്യക്തമാക്കുന്നത്.