ഡിഎംഒ ഓഫിസിൽ എങ്ങും എലിശല്യം; ഇരുപതോളം കംപ്യൂട്ടറുകൾ നശിപ്പിച്ചു
Mail This Article
കൊല്ലം∙ തീക്കട്ടയിൽ ഉറുമ്പരിക്കുമോ ? ഇല്ലെന്നാണ് പഴമൊഴി. എന്നാൽ, എലിപ്പനിയെ ഉൾപ്പെടെ പ്രതിരോധിക്കേണ്ട ജില്ലാ മെഡിക്കൽ ഓഫിസറുടെ (ഡിഎംഒ) ഓഫിസിൽ എലികളുടെ വിളയാട്ടം എന്നതാണ് പുതുമൊഴി. എലികൾ ഇതിനോടകം കരണ്ടത് ഇരുപതോളം കംപ്യൂട്ടറുകളുടെ വയറുകൾ. പത്തിലേറെ കംപ്യൂട്ടറുകൾ അറ്റകുറ്റപ്പണികൾക്കായി നൽകിയിട്ടുമുണ്ട്. പുതിയ വയറുകൾ ഘടിപ്പിച്ചാലും എലികൾ ഓടിയെത്തി അവയും വിഴുങ്ങും.
കലക്ടറേറ്റിന്റെ മൂന്നാം നിലയിലാണ് ഡിഎംഒ ഓഫിസ് പ്രവർത്തിക്കുന്നത്. എലി ഉൾപ്പെടെയുള്ള ജീവികളെ ചെറുക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി പല തവണ കത്തയച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ലെന്നാണ് സൂചന. എലികളുടെ തേരോട്ടം നിർബാധം തുടരുന്നു. എലിക്കാഷ്ഠവും മൂത്രവുമാണ് രാവിലെ ഉദ്യോഗസ്ഥർ എത്തുമ്പോൾ മേശകളിലും പരിസരത്തും. അവയെല്ലാം തുടച്ചു നീക്കി വേണം ജോലി ചെയ്യാൻ.
ഇവയുടെ ദുർഗന്ധമാണ് ഓഫിസിലെങ്ങും. എലിയുടെ കാഷ്ഠമോ മൂത്രമോ സ്പർശിക്കരുതെന്നാണ് എലിപ്പനി പ്രതിരോധം സംബന്ധിച്ച ആരോഗ്യ വകുപ്പ് മുന്നറിയിപ്പിൽ പ്രധാനം. എന്നാൽ, അവയെല്ലാം ഡിഎംഒ ഓഫിസിൽ നടപ്പാകില്ലെന്നാണ് ഇപ്പോഴത്തെ വിശേഷം. കലക്ടറേറ്റ് സമുച്ചയത്തിലെ മിക്കയിടങ്ങളിലും എലി ശല്യം രൂക്ഷമാണെന്നാണ് ജീവനക്കാർ പറയുന്നത്. ഓഫിസിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതാണ് എലികളെ ഇവിടേക്ക് അടുപ്പിക്കുന്നത്.
∙ ഈ വർഷം എലിപ്പനി ബാധിച്ചത് ഏകദേശം നൂറിലധികം പേരെ. എലിപ്പനി ബാധിച്ച് ഇന്നലെ കുളക്കടയിൽ ഒരാൾ മരിച്ചിരുന്നു. ആകെ 9 പേർ ഈ വർഷം മരിച്ചു.