കുളം...കര; തരിപ്പണമായ റോഡിലൂടെ ദുരിതയാത്ര

Mail This Article
കൊല്ലം∙കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ റോഡ് കുഴിച്ചതു പൂർവസ്ഥിതിയിലാക്കാതെ അധികൃതർ. രാമൻകുളങ്ങര ജംക്‌ഷനിൽ നിന്ന് ഇലങ്കത്തുക്ഷേത്രം, തിരുമുല്ലവാരം എന്നിവിടങ്ങളിലേക്കുപോകുന്ന അര കിലോമീറ്റർ ദൂരത്തെ റോഡിന്റെ ഒരു വശമാണ് മൺതിട്ടയായി ഉയർന്നു കിടക്കുന്നത്. നിത്യേന നൂറുകണക്കിനു വാഹനങ്ങളും കാൽനടയാത്രക്കാരും ആശ്രയിക്കുന്ന റോഡാണിത്.

പൈപ്പ് സ്ഥാപിച്ച ശേഷം കുഴി മൂടാനായി ഇട്ട മണ്ണാണ് സഞ്ചാരം തടസ്സപ്പെടുത്തുന്ന തരത്തിൽ കൂനയായി കിടക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ വീണു പരുക്കേൽക്കും. കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. ഇരുഭാഗത്തു നിന്നും വലിയ വാഹനങ്ങൾ ഒരേ സമയത്തു വന്നാൽ മൺതിട്ടയിൽ കയറി ഉലഞ്ഞു പരസ്പരം ഉരസും. പൈപ്പുകൾ സ്ഥാപിച്ചിട്ടും വെള്ളം എത്തിയില്ലെന്ന പരാതിയുമുണ്ട്.
രാമൻകുളങ്ങരയിൽ നിന്നു മരുത്തടിക്കു പോകുന്ന 2.8 കിലോമീറ്റർ റോഡരികിലും സമാന രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നാട്ടുകാരുടെയും യാത്രക്കാരുടെയും വലിയ പ്രതിഷേധത്തിന് ഒടുവിലാണ് ആ റോഡിലെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടത്. റോഡ് കുത്തിക്കുഴിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ പൂർവസ്ഥിതിയിലാക്കണമെന്നാണു വ്യവസ്ഥ. എന്നാൽ പലപ്പോഴും അധികൃതർ ഈ വ്യവസ്ഥ ലംഘിക്കുന്നതായി ആക്ഷേപമുണ്ട്.
ഒറ്റമഴയിൽ
കുളമായി റോഡ്
കൊല്ലം∙ കൊല്ലം–കണ്ണനല്ലൂർ റോഡിൽ കണിയാംതോട് ജംക്‌ഷൻ ഒറ്റമഴയിൽ കുളത്തിനു സമാനം. 4 കലുങ്കുകൾ ഉണ്ടായിരുന്ന ഇവിടെ അതിൽ 3 കലുങ്കുകളും മണ്ണിട്ടു മൂടി. സ്വകാര്യ വ്യക്തികൾ പറമ്പുകൾ മതിൽ കെട്ടി തിരിച്ചതോടെ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ ഇടമില്ലാതായി. സമീപത്തെ സ്കൂളിലും കശുവണ്ടി ഫാക്ടറികളിലേക്കും പോകുന്ന നൂറുകണക്കിന് കാൽനട യാത്രികർ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചവിട്ടി വേണം നടക്കേണ്ടത്. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ പലപ്പോഴും കാൽനട യാത്രികരെ പരിഗണിക്കാറില്ല. കാൽനടയാത്രക്കാരുടെ ദേഹത്തേക്കു വെള്ളം തെറിപ്പിക്കുന്ന സംഭവങ്ങളും ഉണ്ട്. 150 മീറ്റർ അകലെയുള്ള കണിയാംതോടിനെയോ ട്രാൻസ്ഫോമറിനു സമീപത്തുള്ള ഒാടയെയോ ബന്ധപ്പെടുത്തി റോഡരികിലൂടെ ചെറിയ തോടു നിർമിച്ചാൽ പരിഹാരമാകുമെന്നു നാട്ടുകാർ പറയുന്നു.