കുരുക്കഴിക്കാതെ...;ഗതാഗതക്കുരുക്കിൽപെട്ട് മന്ത്രി സജി ചെറിയാനും

Mail This Article
കൊട്ടിയം∙ ട്രാഫിക് കുരുക്ക് ഒഴിവാക്കാനായി യോഗം ചേർന്നെടുത്ത തീരുമാനങ്ങളൊന്നും നടപ്പിലാക്കി തുടങ്ങിയില്ല. ഇന്നലെ മുതൽ നടപ്പിലാക്കുമെന്നായിരുന്നു കലക്ടർ ബുധനാഴ്ച വിളിച്ചു ചേർത്ത യോഗത്തിൽ അറിയിച്ചത്. കുരുക്ക് ഒഴിവാക്കാൻ നടപടികൾ വൈകുന്നതിൽ ജനരോഷം ശക്തമായി. കൊട്ടിയം ജംക്‌ഷനിലെ ഗതാഗത കുരുക്കിൽ ഇന്നലെ ഉച്ചയ്ക്ക് മന്ത്രിയുടെ വാഹനവും പെട്ടു. മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാറും എസ്കോർട്ട് വാഹനവുമാണ് കുരുക്കിൽപെട്ടത്. രോഗിയുമായി വന്ന ആംബുലൻസുകൾ കടന്നു പോകാൻ മണിക്കൂറുകൾ വേണ്ടി വന്നു. ചാത്തന്നൂർ ഭാഗത്തു നിന്നു കൊട്ടിയത്തേക്കു വരുന്ന സർവീസ് റോഡിലാണ് തിരക്കു കൂടുതൽ അനുഭവപ്പെടുന്നത്.
ബുധനാഴ്ച കലക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇന്നലെ മുതൽ കൊട്ടിയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടികളെടുക്കുമെന്ന് ഉറപ്പു നൽകിയത്. പക്ഷേ രാവിലെ മുതൽ എല്ലാ ദിവസത്തെ പോലെ ഇന്നലെയും ഗതാഗത കുരുക്ക് പരിഹരിക്കാനായില്ല. കൊട്ടിയം ഹോളിക്രോസ് ആശുപത്രി റോഡിലും മയ്യനാട് റോഡിലും കണ്ണനല്ലൂർ റോഡിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. യോഗ തീരുമാനത്തിലെ നിർദേശങ്ങൾ പാലിച്ച ചില വാഹന യാത്രക്കാർ കൊട്ടിയം ജംക്‌ഷനിൽ എത്താതെ ബൈ റൂട്ട് വഴി കടന്നു പോയതിനാൽ അവർ കുരുക്കിൽപെടാതെ രക്ഷപ്പെട്ടു. വലിയ വാഹനങ്ങളൊഴിച്ചുള്ള മറ്റു വാഹനങ്ങൾ ബൈ റൂട്ട് വഴി കടന്നു പോകാനുള്ള ബോർഡുകൾ എത്രയും വേഗം സ്ഥാപിച്ചാൽ നേരിയ ആശ്വാസം ഉണ്ടാകും. പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കാരം നടത്തുമെന്നാണ് പറഞ്ഞിരുന്നത്.
എത്രയും വേഗം നടപ്പിലാക്കേണ്ട കാര്യങ്ങൾ അധികൃതരുടെ അനാസ്ഥ മൂലം ഇഴയുന്നതിന്റെ ദുരിതം ജനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. യോഗത്തിലെ തീരുമാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് കൊട്ടിയം പൗരവേദി പ്രസിഡന്റ് കൊട്ടിയം എൻ.അജിത്കുമാറും സെക്രട്ടറി സാജൻ കാവറാട്ടിലും ആവശ്യപ്പെട്ടു. കൂടാതെ അടിയന്തരമായി പാലത്തിലെ രണ്ടാമത്തെ സ്പാനിന്റെ അടിഭാഗം തുറന്നു കൊടുക്കണമെന്നും പൗരവേദി ആവശ്യപ്പെട്ടു. ബൈറൂട്ടിലേക്കു വാഹനങ്ങൾ കടന്നു പോകാനുള്ള ബോർഡുകളും ഉടൻ സ്ഥാപിക്കാൻ ആദിച്ചനല്ലൂർ, മയ്യനാട് പഞ്ചായത്ത് അധികൃതർ തയാറാകണം. പൊലീസിന്റെയും ട്രാഫിക് വാർഡന്മാരുടെയും സാന്നിധ്യവും സേവനവും ജംക്‌ഷനിൽ സാധ്യമാക്കണം.