ഗതാഗതം തടസ്സപ്പെടുത്തി റീൽസ് ചിത്രീകരണം; ചോദ്യം ചെയ്ത കാർ യാത്രക്കാരെ മർദിച്ചെന്ന് പരാതി

Mail This Article
പരവൂർ∙ ഗതാഗതം തടസ്സപ്പെടുത്തി റീൽസ് ചിത്രീകരണം നടത്തിയതു ചോദ്യം ചെയ്ത കാർ യാത്രക്കാരെ വിദ്യാർഥികൾ ഉൾപ്പെട്ട സംഘം മർദിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.50 ഓടെ പരവൂർ തെക്കുംഭാഗം ചാക്കനഴികത്ത് മുക്കിലാണ് മുപ്പതോളം വരുന്ന യുവാക്കളുടെ സംഘം കാർ യാത്രക്കാരെ തടഞ്ഞു മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വരുമ്പോൾ കാപ്പിൽ പാലത്തിൽ ഗതാഗതം തടസ്സപ്പെടുത്തി ആഡംബര ബൈക്കുകളടക്കം ഉപയോഗിച്ച് ഫോട്ടോ ചിത്രീകരണം നടത്തിയത് കാർ യാത്രക്കാർ ചോദ്യം ചെയ്തു .
ഇതിന്റെ വൈരാഗ്യത്തിൽ കാർ യാത്രക്കാരെ പിന്തുടർന്ന് യുവാക്കൾ തെക്കുംഭാഗം ചാക്കനഴികത്ത് മുക്കിൽ എത്തി ബൈക്ക് കുറുകെ വച്ച് കാർ തടയുകയും വാഹനത്തിലുള്ളവരെ പിടിച്ചിറക്കി മർദിച്ചെന്നും ആണ് പരാതിയിൽ പറയുന്നത്. വാഹനത്തിന്റെ മുൻഭാഗവും മുൻ ഗ്ലാസും അക്രമികൾ നശിപ്പിച്ചു. താക്കോൽ ഊരി എടുത്തെന്നും കാർ യാത്രക്കാരെ അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു. പരവൂർ തെക്കുംഭാഗം സ്വദേശികളായ 4 പേർ, കണ്ടാലറിയാവുന്ന മുപ്പതോളം പേർ എന്നിവർക്കെതിരെ വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.