മുതിർന്ന കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ അന്തരിച്ചു

Mail This Article
കൊല്ലം ∙ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം ദിനപത്രം മാനേജിങ് എഡിറ്ററുമായ ഡോ.ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. അർബുദബാധയെ തുടർന്നു ചികിത്സയിലിരിക്കെ എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ചാത്തന്നൂർ ശീമാട്ടി ജംക്‌ഷനിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2001 മുതൽ 2006 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ, കെപിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. എഐസിസി അംഗവുമാണ്.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, എൽഐസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വീക്ഷണം ലേഖകനായിരിക്കെ കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റായി. 2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. കുന്നത്തൂർ ശൂരനാട് പായിക്കാട് തറവാട്ടിൽ പി.എൻ.രാഘവൻ പിള്ളയുടെയും കെ.ഭാർഗവി അമ്മയുടെയും 5 മക്കളിൽ നാലാമനായി 1949 ജനുവരി 18നാണു ജനനം. ഭാഷാ ചരിത്ര ഗവേഷകനും നിഘണ്ടു രചയിതാവുമായ ഡോ. ശൂരനാട് കുഞ്ഞൻ പിള്ള പിതൃസഹോദരനാണ്.
ശൂരനാട് കുഞ്ഞൻ പിള്ളയുടെ സാഹിത്യ സംഭാവനകളെക്കുറിച്ചു ഗവേഷണം നടത്തി കാലിക്കറ്റ് സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടി. ഒട്ടേറെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. അറിവ് അന്വേഷണം-ശൂരനാട് കുഞ്ഞൻ പിള്ളയുടെ സംഭാവനകൾ, മാറുന്ന ഇന്ത്യൻ രാഷ്ട്രീയം, ഇന്ത്യൻ രാഷ്ട്രീയം 2019, ശൂരനാട് കുഞ്ഞൻ പിള്ള അറിവിന്റെ പ്രകാശ ഗോപുരം തുടങ്ങിയവയാണു പ്രധാന കൃതികൾ. വീക്ഷണത്തിൽ ‘പിൻപോയിന്റ്’എന്ന പ്രതിവാര പംക്തിയും എഴുതി. ഭാര്യ: എൽ. ഉദയകുമാരി. മക്കൾ: ലക്ഷ്മി നിഷാന്ത് (യുകെ), അരുൺ ഗണേശ് (അനന്തം ഓൺലൈൻ, കൊച്ചി). മരുമക്കൾ: നിഷാന്ത് മേനോൻ (എൻജിനീയർ, സീമൻസ്, യുകെ), ദേവി ഗണേശ് (ടെക്നോളജി എക്സ്പർട്ട്, ഐടി മിഷൻ, തിരുവനന്തപുരം). പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കെ.പി.റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ തുടങ്ങിയവർ അനുശോചിച്ചു. മലയാള മനോരമയ്ക്കു വേണ്ടി സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് പുഷ്പചക്രം സമർപ്പിച്ചു.