കൊല്ലം ജില്ലയിൽ ഇന്ന് (12-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
രാജ്യാന്തര യോഗ സെമിനാർ ഇന്നും നാളെയും
കൊല്ലം ∙ സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയും കൊല്ലം ആനന്ദമയ യോഗ സെന്ററും ചേർന്നു രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് ഇന്നും നാളെയുമായി അഷ്‌ടമുടി സരോവരം ആയുർവേദ ഹെൽത്ത് സെന്ററിൽ രാജ്യാന്തര യോഗ സെമിനാർ നടത്തും. ഇന്ന് രാവിലെ 8ന് നടക്കുന്ന ആദ്യ സെമിനാർ യോഗാചാര്യൻ ഡോ. ആത്മദേവ് നയിക്കും. ഉച്ചയ്ക്ക് 2ന് ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന മൈൻഡ് പവർ ട്രെയ്നിങ് ആൻഡ് റിലാക്സേഷൻ മെത്തേഡ് ഉൾപ്പെടുത്തിയ പരിപാടി നടക്കും. തുടർന്നു മ്യൂസിക് തെറപ്പി, മാജിക്, ഡാൻസ്, കളരിപ്പയറ്റ് പ്രദർശനം എന്നിവ നടക്കും. നാളെ രാവിലെ 10 ന് പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ്, സമൂഹത്തിലെ അർഹതപ്പെട്ട വിദ്യാർഥികൾക്ക് പഠനോപകരണം, വസ്ത്രം, ഭക്ഷണം, ബാഗ് എന്നിവ വിതരണം ചെയ്യും. തുടർന്ന് ഔദ്യോഗിക ഉദ്ഘാടനം എൻട്രൻസ് കമ്മിഷണറും സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറുമായ അരുൺ എസ്.നായർ നിർവഹിക്കും. വിദ്യാർഥികൾക്കുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ചൊല്ലിക്കൊടുക്കും. യോഗ ഗവേഷകനായ ഡോ. ബിജു ജി.പിള്ള എഴുതിയ ‘യോഗയെ അറിയുക’ എന്ന പുസ്‌തകത്തിന്റെ കവർ പേജിന്റെ പ്രകാശനവും നടക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കുമെന്നും അഷ്ടമുടി കായലിലുടെ ബോട്ട് യാത്ര സംഘടിപ്പിക്കുമെന്നും സംഘാടകരായ ബി.പ്രേംചന്ദ്, അലൻ കെ.റോയ്, ബിജു ജി.പിള്ള എന്നിവർ അറിയിച്ചു.
മിനി വ്യവസായ എസ്റ്റേറ്റ് ഷെഡുകൾക്ക് അപേക്ഷിക്കാം
കൊല്ലം ∙ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മിനി വ്യവസായ എസ്റ്റേറ്റുകളിൽ ഒഴിവുള്ള വ്യവസായ ഷെഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. കരീപ്ര എസ്‌സി വനിത, പത്തനാപുരം എസ്‌സി വനിത, പൂയപ്പള്ളി (ജനറൽ) എസ്റ്റേറ്റുകളിലെ ഷെഡുകളാണ് ഉൽപാദന/സേവന സംരംഭകർക്ക് അനുവദിക്കുക. 16 ന് അകം ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജർക്കോ അപേക്ഷ സമർപ്പിക്കണം. 0474 2748395.
ക്യുഎഫ്എ സെവൻസ് ഫുട്ബോൾ ചാംപ്യൻഷിപ്
കൊല്ലം ∙ ക്വയിലോൺ ഫുട്ബോൾ അക്കാദമി ലഹരി മുക്ത കേരളം എന്ന ആശയത്തിൽ നടത്തുന്ന ക്യുഎഫ്എ അണ്ടർ 13 എവർ റോളിങ് ട്രോഫി സെവൻസ് ഫുട്ബോൾ ചാംപ്യൻഷിപ് 19 മുതൽ ഏപ്രിൽ 22 വരെ ശങ്കേഴ്സ് ജംക്‌ഷനിലെ യോലോ ക്ലബ് ടർഫിൽ നടക്കും. കൊല്ലം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.നൗഷാദ് ലഹരിക്കെതിരെയുള്ള പ്രഭാഷണവും ഉദ്ഘാടനവും നിർവഹിക്കും. റോഡ് നിയമങ്ങളെ കുറിച്ചുള്ള ക്ലാസ് എച്ച്.ഷാനവാസ് നയിക്കും. ക്യുഎഫ്എ ചെയർമാനും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ സിയാദ് ലത്തീഫ് അധ്യക്ഷത വഹിക്കും. 22ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാന വിതരണവും കോർപറേഷൻ മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് 10,001, 7001, 5,001, 3,001 രൂപ എന്നിങ്ങനെ സമ്മാനങ്ങൾ നൽകുമെന്നും ക്യുഎഫ്എ ചെയർമാൻ സിയാദ് ലത്തീഫ്, ജനറൽ സെക്രട്ടറി എം.ആർ.മനോജ് ബോസ്, ചീഫ് മീഡിയ കോഓർഡിനേറ്റർ ഷിബു റാവുത്തർ, വൈസ് പ്രസിഡന്റ് ഷിബു മനോഹർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് ബാബു, ഗോപകുമാർ, ഹാഷിർ എന്നിവർ അറിയിച്ചു.
ഡേറ്റ എൻട്രി ഓപ്പറേറ്റർ
കൊല്ലം ∙ കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളജിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ട്രെയ്നിയെ നിയമിക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 21ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം.9447488348.
കോഴ്‌സ് പ്രവേശനം
കൊല്ലം ∙ മാവേലിക്കര ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ യുജിസി നെറ്റ് പേപ്പർ 1 (ഹ്യുമാനിറ്റീസ്), പേപ്പർ 2 (ലൈബ്രറി സയൻസ്, കൊമേഴ്‌സ്, കംപ്യൂട്ടർ സയൻസ്, മാനേജ്‌മെന്റ്, ടൂറിസം അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാനേജ്‌മെന്റ്) കോഴ്‌സ് പ്രവേശനത്തിന് 21ന് കോളജിൽ എത്തണം. 9495069307, 8547005046.
ഹോക്കി പരിശീലന ക്യാംപ് തുടങ്ങി
കൊല്ലം ∙ കൊല്ലം ഹോക്കിയും ജില്ലാ സ്‌പോർട്സ് കൗൺസിലും ഐആർഇയും സംഘടിപ്പിച്ച വേനൽക്കാല ഹോക്കി പരിശീലന ക്യാംപിന് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ തുടക്കമായി. ഉദ്ഘാടനവും സൗജന്യ ഹോക്കി സ്റ്റിക് , ജഴ്സി വിതരണവും ചവറ ഐആർഇ ജനറൽ മാനേജർ എൻ.എസ്.അജിത് നിർവഹിച്ചു. കൊല്ലം ഹോക്കി പ്രസിഡന്റ് ജി.രാധാകൃഷ്ണപിള്ള അധ്യക്ഷനായി. സെക്രട്ടറി ഡോ. എം.ജെ.മനോജ്, വൈസ് പ്രസിഡന്റ് ഡോ. രമണി കൃഷ്ണൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ, ഡോ. ഇന്നസന്റ് ബോസ്, ഐആർഇ ചീഫ് മാനേജർ ഭക്തിദർശൻ, ഡപ്യൂട്ടി മാനേജർ അജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കാലാവസ്ഥ
∙സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത.
∙കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. ലക്ഷദ്വീപ്, കന്യാകുമാരി തീരങ്ങളിൽ ശക്തിയേറിയ കാറ്റിനും കടലാക്രമണത്തിനും സാധ്യത.
വൈദ്യുതി മുടങ്ങും
അഞ്ചാലുംമൂട് ∙ വെട്ടുവിള ഭാഗത്ത് ഇന്ന് പകൽ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.