കുഴിയടയ്ക്കാൻ പണമില്ല; ബോർഡ് കണ്ട് കണ്ട് കുഴിയിൽ വീഴാം!

Mail This Article
മാൻവെട്ടം ∙ കുഴിയടയ്ക്കാൻ പണമില്ല. തൽക്കാലം ബോർഡ് കണ്ട് തൃപ്തിപ്പെടണം. ചേർത്തല– കുറവിലങ്ങാട് മിനി ഹൈവേയുടെ അപകടം പതിവായ മാൻവെട്ടം തച്ചേരിമുട്ട് ഭാഗത്തെ അവസ്ഥയാണിത്. റോഡിലെ കുഴിയിൽ വീണു ബൈക്ക് മറിഞ്ഞ് കല്ലറ അകത്താന്തറ വലിയപറമ്പിൽ ബിജുമോൻ ഏബ്രഹാ(46)മിന്റെ കാൽ ഒടിഞ്ഞിട്ട് 12 ദിവസം കഴിഞ്ഞിട്ടും കുഴിയടയ്ക്കാൻ നടപടിയില്ല.
പൊതുമരാമത്ത് വകുപ്പിന്റെ കൈവശം ഫണ്ടില്ലാത്തതു മൂലമാണ് കുഴിയടയ്ക്കാൻ താമസിക്കുന്നതെന്നു മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. മഴക്കാലത്തിന് മുൻപ് അറ്റകുറ്റ പണിക്കായി പൊതുമരാമത്ത് ഓഫിസുകൾക്ക് ധനകാര്യ വകുപ്പ് പണം അനുവദിക്കുന്നതാണ്. ജില്ലയിൽ ഇതുവരെ പണം അനുവദിച്ചിട്ടില്ല. പണം ഇല്ലാത്തതിനാൽ മറ്റെന്തെങ്കിലും മാർഗത്തിൽ കുഴിയടയ്ക്കാൻ ശ്രമിക്കുമെന്ന് മോൻസ് ജോസഫ് പറഞ്ഞു.
എന്നാൽ അപകട മേഖലയായ ഇവിടെ പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. അപകട മേഖലയാണെന്നും വേഗം കുറച്ച് പോകണം എന്നുമാണ് ബോർഡിലുള്ളത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്തെ ബോർഡ് ഇന്നലെ വലിയ കുഴികളുള്ള റോഡ് ഭാഗത്തേക്കു മാറ്റി.