അഴിക്കാം, പിണഞ്ഞ കുരുക്കുകൾ

Mail This Article
ഏറ്റുമാനൂർ ∙ മധ്യതിരുവിതാംകൂർ മേഖലയിലെ പ്രധാന നഗരപാതകളുടെ സംഗമസ്ഥാനമാണ് ഏറ്റുമാനൂർ പട്ടണം. ഇവിടത്തെ ഗതാഗതക്കുരുക്കുകൾ ലക്ഷക്കണക്കിനു ജനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നു. അതുകൊണ്ടുതന്നെ, ഇവിടത്തെ കുരുക്കഴിക്കേണ്ടതു ചുറ്റുമുള്ള നഗരങ്ങളുടെയും ചെറുപട്ടണങ്ങളുടെയും വികസനത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ്.
മേൽപാലം വേണമെന്നും വേണ്ടെന്നും
ഗതാഗതക്കുരുക്കിനു പരിഹാരമായി എംസി റോഡിൽ മഹാദേവ ക്ഷേത്രത്തിനു സമീപത്തു നിന്നാരംഭിച്ച് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെ മേൽപാലം വേണമെന്നാണ് സർക്കാർ ഏജൻസി പഠിച്ചു നിർദേശം നൽകിയത്. എന്നാൽ ഇതു പ്രായോഗികമല്ലെന്നും എംസി റോഡിനെ പൂർണമായി ഒഴിവാക്കി സെൻട്രൽ ജംക്ഷൻ, കുരിശുപള്ളിക്കവല, നീണ്ടൂർ – അതിരമ്പുഴ റോഡുകൾ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചെറു മേൽപാലങ്ങൾ വേണമെന്നുമാണ് ഇവിടത്തെ വ്യാപാരികൾ പറയുന്നത്. സെൻട്രൽ ജംക്‌ഷനിൽ 5 റോഡുകൾ സംഗമിക്കുന്നുണ്ട്. ഇതിൽ എംസി റോഡിനെ ഒഴിവാക്കി മറ്റു റോഡുകളിൽ മേൽപാലം നിർമിക്കണമെന്നാണ് നിർദേശം. സെൻട്രൽ ജംക്‌ഷനിൽ നിന്നു പാലാ റോഡിനു സമാന്തരമായി മേൽപാലം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
മോചനം കാത്ത് പേരൂർ കവല
ഏറ്റുമാനൂർ നഗരത്തിലെ ഗതാഗതക്കുരുക്കുകളിൽ മിക്കതിനും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നത് പേരൂർ കവലയ്ക്കാണ്. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് മണ്ഡപം നിലകൊള്ളുന്ന പേരൂർ കവല ജംക്‌ഷനിലുണ്ടാകുന്ന തിരക്ക് സ്വാഭാവികമായും സെൻട്രൽ ജംക്‌ഷനിലേക്കും നീളുന്നു. അതിരമ്പുഴയിലേക്കു പോകുന്ന ബസുകൾ ഇവിടെ നിർത്തി ആളെ കയറ്റുന്നതാണ് തിരക്കിന്റെ പ്രധാന കാരണം. ഇതൊഴിവാക്കാനായി ഇവിടെ ബസുകൾ നിർത്തുന്നത് നിരോധിച്ച് പൊലീസ് ബോർഡ് വച്ചിട്ടും സ്വകാര്യ ബസുകൾ അത് അവഗണിക്കുകയാണ്. അലങ്കാർ തിയറ്ററിന്റെ അടുത്തേക്കു മാറ്റിസ്ഥാപിച്ച ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്താറില്ല.

ബൈപാസിനായി കാത്തിരിപ്പ്
ഇനിയും പണി തീരാത്ത മണർകാട് – പട്ടിത്താനം ബൈപാസ് പൂർത്തിയാകുന്നതോടെ വലിയൊരു പ്രതിസന്ധിക്ക് അറുതിയാകുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ. ബൈപാസ് വഴി വാഹനങ്ങൾ ഓടിത്തുടങ്ങിയാൽ നഗരത്തിലെ തിരക്കിന് കുറവുണ്ടാകും. എന്നാൽ ഇവിടെ ബൈപാസ് കടന്നുപോകുന്നിടത്തു 2 വീടുകൾ കൂടി ഏറ്റെടുക്കാൻ ബാക്കിയുണ്ട്. അതു നടപ്പായാൽ ബൈപാസ് നിർമാണം പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷ.
പിടിവീഴണം അനധികൃത പാർക്കിങ്ങിന്
താരതമ്യേന വീതി കുറഞ്ഞ റോഡിൽ ഇരുവശത്തും യഥേഷ്ടം നിർത്തിയിടുന്ന വാഹനങ്ങളും കുരുക്കിനു വലിയതോതിൽ കാരണമാകുന്നുണ്ട്. മിക്ക കടകൾക്കും പാർക്കിങ് സൗകര്യങ്ങൾ കുറവായതിനാൽ കടയിൽ വരുന്നവർ വഴിയരികിലാണു പാർക്ക് ചെയ്യുന്നത്. വീതി കുറഞ്ഞ ഇടവഴികളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മൂലമുണ്ടാകുന്ന കുരുക്ക് പ്രധാന വഴികളിലേക്കും നീളുന്നു. ഇങ്ങനെയുണ്ടാകാതിരിക്കാൻ പൊലീസ് കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്.
∙ ഏറ്റുമാനൂരിലെ ‘ഊരാക്കുരുക്ക്’ അഴിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മനസ്സിലുള്ള പദ്ധതികൾ എന്ത്? അതെക്കുറിച്ച് നാളെ...
"എംസി റോഡ് കേന്ദ്രമാക്കി നേരത്തേ സർക്കാർ ഏജൻസി തയാറാക്കിയ മേൽപാലം പദ്ധതി പ്രായോഗികമല്ല. നഗരത്തിന്റെ 300 മീറ്റർ വ്യാസപരിധിക്കുള്ളിൽ പന്ത്രണ്ടോളം ക്രോസ് റോഡുകളാണുള്ളത്. ഇവയാണു കുരുക്കിന്റെ പ്രധാന കാരണം. ഇതു പരിഹരിക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി വിദഗ്ധരുമായി ചർച്ച ചെയ്ത് തയാറാക്കിയ മേൽപാലങ്ങളുടെ വിവരങ്ങളടങ്ങിയ രൂപരേഖ മന്ത്രി വി.എൻ.വാസവനു സമർപ്പിച്ചിട്ടുണ്ട്." - എൻ.പി.തോമസ്,പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ഏറ്റുമാനൂർ
"ബൈപാസ് റോഡിന്റെയും ലിങ്ക് റോഡുകളുടെയും നിർമാണം പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണു പ്രതീക്ഷ. അശാസ്ത്രീയമായ ഗതാഗത നിയന്ത്രണ സംവിധാനമാണ് ഇവിടെയുള്ളത്. സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലേക്ക് ബസുകൾ കയറുന്നതും ഇറങ്ങുന്നതുമായ വഴികൾ മൂലം ടൗണിൽ 4 ഇടങ്ങളിലാണു കുരുക്ക് ഉണ്ടാകുന്നത്. ഇതും പരിഹരിക്കേണ്ടതുണ്ട്." - ഇ.എസ്.ബിജു,പ്രതിപക്ഷ നേതാവ്, ഏറ്റുമാനൂർ നഗരസഭ
"മുൻ എംഎൽഎ സുരേഷ് കുറുപ്പിന്റെ കാലത്തു കൊണ്ടുവന്ന റിങ് റോഡ് പദ്ധതി യാഥാർഥ്യമാക്കിയാൽ ഇവിടത്തെ ഗതാഗതക്കുരുക്കിനു വലിയൊരു പരിധി വരെ പരിഹാരമാകും. ഇങ്ങനെ ചെയ്താൽ മറ്റു സ്ഥലങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്ക് ഏറ്റുമാനൂരിൽ പ്രവേശിക്കാതെ കടന്നുപോകാനാകും. നഗരം മുഴുവൻ വൺവേ സംവിധാനം നടപ്പിലാക്കണം. 100 കോടി ചെലവിൽ നിർമിക്കാനുദ്ദേശിക്കുന്ന, ഒന്നര കിലോമീറ്റർ നീളമുള്ള, നിർദിഷ്ട ഫ്ലൈഓവറിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് പോലും ഈ തുക കൊണ്ടു പൂർത്തിയാക്കാനാകില്ല. കൂടാതെ, ഇതു നിർമിക്കണമെങ്കിൽ കുറഞ്ഞത് 5 വർഷമെങ്കിലും ഏറ്റുമാനൂർ നഗരം അടച്ചിടേണ്ടതായി വരും.’’ - സിബി വെട്ടൂർ,പ്രസിഡന്റ്, സേവ് ഏറ്റുമാനൂർ ഫോറം