മന്നം ജയന്തിക്ക് എൻഎസ്എസ് ആസ്ഥാനം ഒരുങ്ങി:പ്രൗഢിയോടെ, പെരുമയോടെ പെരുന്ന

Mail This Article
ചങ്ങനാശേരി ∙ മന്നത്തു പത്മനാഭന്റെ 146–ാമത് ജയന്തി ആഘോഷങ്ങൾക്കായി പെരുന്നയിൽ 10,000 പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലിന്റെ നിർമാണം പൂർത്തിയായി. 45,000 ചതുരശ്രയടിയിൽ കേരളത്തനിമയിലാണു പന്തൽ.
പ്രവേശനകവാടത്തിന്റെയും പ്രധാന വേദിയുടെയും ജോലികൾ അന്തിമഘട്ടത്തിലാണ്. പ്രവേശനകവാടത്തിന്റെ വശങ്ങളിൽ ത്രിമൂർത്തികളുടെയും പ്രധാന വേദിയുടെ വശങ്ങളിൽ ദശാവതാരവത്തിന്റെയും ചിത്രീകരണമുണ്ട്.
പ്രധാന വേദിയുടെ ഇരുവശങ്ങളിൽ നടരാജവിഗ്രഹങ്ങളുടെ മാതൃകകളും നിർമിച്ചിട്ടുണ്ട്. പെരുന്നയിൽ നാളെയും മറ്റന്നാളുമായാണു മന്നം ജയന്തി ആഘോഷങ്ങൾ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കരയോഗം ഭാരവാഹികൾക്കും പ്രവർത്തകർക്കും താമസിക്കുന്നതിനായി എൻഎസ്എസ് വിദ്യാഭ്യാസ സമുച്ചയങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. സ്ത്രീകൾക്ക് വനിതാ ഹോസ്റ്റലിലും താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്ത് വിശാലമായ ഊട്ടുപുരയും തയാറാക്കിയിട്ടുണ്ട്. ഒരേ സമയം ആയിരം പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം ഒരുക്കുന്നത്. സമ്മേളനത്തിനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്താണു സൗകര്യം.