തിരുവാർപ്പ് മീൻചിറയിൽ വെള്ളത്തിലിറങ്ങുന്നവരെ കടിച്ചുകീറി നീർന്നായകൾ

Mail This Article
കുമരകം ∙ നീർന്നായയെ പേടിച്ചു വെള്ളത്തിലിറങ്ങാതെ നാട്ടുകാർ. തിരുവാർപ്പ് മീൻചിറ ഭാഗത്തു തോട്ടിൽ കുളിക്കാനിറങ്ങിയ ആളെയും കടവിൽ വസ്ത്രം അലക്കുകയായിരുന്ന വീട്ടമ്മയെയും നീർന്നായ കടിച്ചതോടെ ഇവിടെയും സമീപ പ്രദേശങ്ങളിലെയും തോടുകളിൽ ഇറങ്ങാൻ ആളുകൾ ഭയക്കുകയാണ്.
ഇവിടങ്ങളിലെ ആളുകൾ തുണി അലക്കുന്നതും കുളിക്കാനിറങ്ങുന്നതും തോടുകളിലാണ്. നീർന്നായകൾ വെള്ളത്തിലൂടെ കൂട്ടമായി പോകുന്നത് പലപ്പോഴും കാണാറുണ്ടെങ്കിലും വെള്ളത്തിലിറങ്ങുന്ന ആളെ കടിക്കുന്നത് ആദ്യമായിട്ടാണെന്നും പറയുന്നു. ഉച്ചയ്ക്ക് ആളനക്കമില്ലാത്ത സമയത്താണു ഇവ തോടുകളിലൂടെ പോകുന്നത്.
ഈ സമയത്ത് തോടുകളിൽ ഇറങ്ങിയ 2 പേർക്കാണു കഴിഞ്ഞ ദിവസം കടിയേറ്റത്. രാത്രി വെള്ളത്തിൽ നിന്നു മീനുകളെ ഭക്ഷിച്ച ശേഷം നീർന്നായ കൂട്ടമായി കരയ്ക്കു കയറും. ഈ സമയത്ത് ഇതുവഴി പോകുന്നവരെയും ഇവ ആക്രമിക്കാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു. കുമരകം,അയ്മനം,ആർപ്പൂക്കര മേഖലയിലെ തോടുകളിലും ഇവ ധാരാളമായുണ്ട് .
മീൻ വളർത്തുകാരുടെ മുഖ്യ ശത്രുവാണ് നീർന്നായ്ക്കൾ. മീൻ വളർത്തുന്ന കുളങ്ങളിലും പാടശേഖരങ്ങളിലും ഇവ കൂട്ടമായി ഇറങ്ങി മീനുകളെ പിടിച്ചു തിന്നും.നീർന്നായ്ക്കളുടെ ശല്യം മൂലം മത്സ്യക്കൃഷി ഉപേക്ഷിച്ചു പോയ കർഷകരുണ്ട്. മീൻ കുളത്തിനു ചുറ്റും വല കെട്ടിയാൽ പോലും ഇവ കടിച്ചു മുറിച്ച ശേഷം വിടവിലൂടെ ഇറങ്ങും.