നാടുനീളെ മാലിന്യം; എന്തിനാ ‘മാലിന്യ മുക്ത’ പ്രഖ്യാപനം?

Mail This Article
കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളമെന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യ മുക്തമാണെന്ന പ്രഖ്യാപനം നടത്തി. ഇപ്പറഞ്ഞതു വല്ലതും നടന്നതാണോ?
കോട്ടയം നഗരം അത്ര വെടിപ്പല്ല
കോട്ടയം നഗരസഭയിൽ ഏറ്റവുമധികം മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് കോടിമതയിലെ എംജി റോഡിന്റെ വശങ്ങളിലാണ്. നഗരത്തിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റും തുറന്നിട്ടില്ല.

ചില റോഡ് കാഴ്ചകൾ
പട്ടിത്താനം മുതൽ പുതുവേലി വരെ എംസി റോഡിന്റെ വശങ്ങൾ, കോഴാ പാലാ റോഡിന്റെ വശങ്ങൾ എന്നിവിടങ്ങളിൽ ചാക്കിൽ കെട്ടി മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. പെരുവ - തലയോലപ്പറമ്പ് റോഡിൽ കുറുവേലി പാലത്തിന് സമീപം മാലിന്യം തള്ളുന്നതു തുടരുന്നു.

വനമേഖലയും മലിനം
എരുമേലി, മണിമല പഞ്ചായത്തുകളിൽ ഉൾപ്പെട്ട വനമേഖലകളിലെ റോഡരികിലാണ് ടൺ കണക്കിനു മാലിന്യം തള്ളിയിരിക്കുന്നത്.

ജലാശയങ്ങളെ രക്ഷിക്കണം
കടുത്തുരുത്തി ചുള്ളിത്തോട്ടിൽ പഴയ ഇറിഗേഷൻ ഓഫിസ് മുതൽ പത്തുപറ ഭാഗം വരെ തോട്ടിൽ മാലിന്യങ്ങൾ കെട്ടി നിന്ന് ചീഞ്ഞഴുകുകയാണ്. കാഞ്ഞിരപ്പള്ളി നഗരത്തിലൂടെ ഒഴുകുന്ന ചിറ്റാർ പുഴയിലും മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്നു.
എംസിഎഫ് നിറഞ്ഞു
കടുത്തുരുത്തി പഞ്ചായത്ത് മാർക്കറ്റിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലും പഞ്ചായത്ത് അഞ്ചാം വാർഡിൽ അലരി – ഇടമ്പാടം– കടുത്തുരുത്തി റോഡരികിലുള്ള എംസിഎഫുകളിലും പറമ്പുകളിലും തത്തപ്പള്ളിയിലുള്ള എംസിഎഫിലും ഞീഴൂർ പഞ്ചായത്തിലെ മാർക്കറ്റിനുള്ളിലെ എംസിഎഫിലും മാലിന്യം നിറഞ്ഞു കിടക്കുന്നു.

ഈ സ്വഭാവം അത്ര നന്നല്ല
മീനടം മാത്തൂർപടിയിൽ നിന്ന് പാമ്പാടി ദയറായിലേക്കുള്ള റോഡിൽ പൊത്തൻപുറം കുന്നിന്റെ നിരപ്പ് ഭാഗത്ത് ആരംഭിച്ച വഴിയോരക്കാറ്റിൽ മാലിന്യം തള്ളുന്നു.
ശുചിത്വ പ്രഖ്യാപനം തിരുനക്കരയിൽ ഏഴിന്
കോട്ടയം ∙ മാലിന്യമുക്ത നവകേരളം ജില്ലാതല ശുചിത്വ പ്രഖ്യാപനം 7ന്. അന്ന് തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പ്രഖ്യാപനം നടത്തും. പ്രഖ്യാപനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് മൂന്നിന് കലക്ടറേറ്റ് പരിസരത്തുനിന്ന് തിരുനക്കരയിലേക്ക് ശുചിത്വസന്ദേശ റാലിയും നടത്തും.