വേദനയുടെ തീരാക്കയത്തിൽ രണ്ടു വയസ്സുകാരി ജിയാന; സഹായം തേടി കുടുംബം

Mail This Article
ഈരാറ്റുപേട്ട ∙ ജനിച്ചു വീണപ്പോൾ മുതലുള്ള വേദനയുടെ തീരാക്കയത്തിലാണ് രണ്ടു വയസ്സുകാരി ജിയാന ജിജോ. വകക്കാട് ഉപ്പിടുപാറയിൽ ഷെറിൻ ആന്റണിയുടെ മകളാണ് ജിയാന. മുച്ചൊടിയുമായാണ് ജനനം. മുച്ചൊടിമൂലം മുലപ്പാൽ കുടിക്കാനായില്ല. പിന്നീട് ട്യൂബിലൂടെയായിരുന്നു ഭക്ഷണം. ഒന്നരമാസം പ്രായമുള്ളപ്പോൾ ന്യുമോണിയ ബധിച്ചു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ദ്വാരം ഉള്ളതായി കണ്ടെത്തി. ഇതിന് ഓപ്പറേഷനും കഴിഞ്ഞു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ശ്വാസംമുട്ടൽ മൂലം ആശുപത്രിയിൽ നിന്നും ഇറങ്ങാനാവാത്ത അവസ്ഥയാണ്.
ട്യൂബിലൂടെ ആയിരുന്നു ഭക്ഷണം. ഇപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ചുമയുള്ളതിനാൽ നല്ല രീതിയിൽ ഭക്ഷണം കഴിക്കാനാവുന്നില്ല. ഇതിനിടെ മുഖത്തിന്റെ വലതു പേശികൾക്ക് ബലക്കുറവുള്ളതായി കണ്ടെത്തി. ചെവിയുടെ കേൾവി ശക്തിക്കും ഇത് കുറവുവരുത്തും. പരിശോധനയിൽ കണ്ണിന്റെ ഒരു ഗ്രന്ഥിയിൽ മുഴയും കണ്ടെത്തി. മുഴ നീക്കം ചെയ്തില്ലെങ്കിൽ കാഴ്ചശക്തി കുറയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ മാസം 14ന് ഓപ്പറേഷൻ ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ്. എന്നാൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയും ഒപ്പം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും തടസ്സമായി നിൽക്കുന്നു.
മേലുകാവ് പഞ്ചായത്തിലെ വാകക്കാട് പുറമ്പോക്കിലാണ് കുടുംബം താമസിക്കുന്നത്. കൂലിപ്പണി ചെയ്താണ് കുടുംബം കഴിയുന്നത്. ഇതിനിടയിൽ കുഞ്ഞിന്റെ ആശുപത്രി ചെലവ് കൂടി താങ്ങാനാവുന്നില്ല. സുമനസ്സുകൾ കനിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. മാതാവ് ഷെറിൻ ആന്റണിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
അക്കൗണ്ട് പേര് : ഷെറിൻ ആന്റണി
ഫെഡറൽ ബാങ്ക്, അരുവിത്തുറ ബ്രാഞ്ച്
അക്കൗണ്ട് നമ്പർ : 99980109893680
ഐഎഫ്എസ്‌സി കോഡ് : FDRL0001144
ഫോൺ നമ്പർ : 9188737825