ADVERTISEMENT

കോഴിക്കോട്∙ പാട്ടുപാടിയും നാടകത്തിലഭിനയിച്ചും കോഴിക്കോടിന്റെ മനം കവർന്ന കലാകാരി. സിനിമയിലെത്തിയപ്പോഴും തനതായ നാട്ടുശൈലിയിലൂടെ  മികവാർന്ന അഭിനയം കാഴ്ചവച്ച പ്രതിഭ. കോഴിക്കോട് ശാരദ ഓർമയാവുമ്പോൾ ഈ മണ്ണിനു നഷ്ടമാവുന്നത് കലയ്ക്കായി ജീവിതം സമർപ്പിച്ച തലമുറയുടെ അവസാന കണ്ണികളിലൊരാളെയാണ്.ശാരദയുടെ അമ്മ കോർപറേഷനിൽ ജീവനക്കാരിയായിരുന്നു. എലത്തൂരിൽ ജനിച്ച ശാരദ അങ്ങനെയാണ് കോഴിക്കോട്ടേക്ക് താമസം മാറിയത്.മകൾ പാട്ടുപാടുന്നതും അഭിനയിക്കുന്നതുമൊക്കെ അമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്നു. ശാസ്ത്രീയമായി പാട്ടുപഠിച്ചിട്ടില്ലെങ്കിലും ഗാനമേളകളിൽ പാടിയാണ് ശാരദയുടെ കലാജീവിതം തുടങ്ങിയത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്.  സത്യൻ നായകനായ കടത്തുകാരനിൽ മൂന്നു രംഗങ്ങളിൽ ഡ്യൂപ്പായി അഭിനയിച്ചു. യു.എ.ഖാദറിന്റെ കഥയിൽ പി.എ.ബക്കർ സംവിധാനം ചെയ്ത അന്യരുടെ ഭൂമിയിലാണ് ആദ്യമായി ശാരദ അഭിനയിച്ചത്.    അങ്കക്കുറിയെന്ന അടുത്ത സിനിമയിൽ  ജയന്റെയും ജയഭാരതിയുടെയും അമ്മയായി. പിന്നീട് ഐ.വി.ശശിയുടെ സിനിമകളിൽ സ്ഥിരം സാന്നിധ്യമായി.എന്നാൽ ശാരദയുടെ ജീവിതം മാറ്റിമറിച്ചത് ലോഹിതദാസ് എന്ന തിരക്കഥാകൃത്തും സുന്ദർദാസെന്ന സംവിധായകനുമാണ്. തർക്കുത്തരം പറയുന്ന മകനോടു ചാടിക്കടിക്കാൻ വരുന്ന അമ്മ.

എന്നാൽ മരുമകളായി വീട്ടിലേക്ക് വരാൻപോവുന്ന പെൺകുട്ടിയെ സ്നേഹത്തോടെ കൊഞ്ചിക്കുന്ന അതേയമ്മ. സല്ലാപം സിനിമയിൽ മനോജ്.കെ.ജയന്റെ അമ്മയായെത്തിയ ശാരദ മലയാളികളുടെ കണ്ണുനിറയിപ്പിച്ചു.  ഗാനമേളകളിലും നാടകങ്ങളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന എ.പി. ഉമ്മറാണ് ശാരദയുടെ ഭർത്താവ്. വേദികളിൽ മൊട്ടിട്ട പ്രണയത്തിന് വീട്ടുകാർ എതിർപ്പു പറഞ്ഞതോടെ നാടക സംവിധായകനായ ആഹ്വാൻ സെബാസ്റ്റ്യനും കൂട്ടുകാരും ചേർന്നാണ് വിവാഹം നടത്തി കൊടുത്തത്. 

പ്രൊഡക്‌ഷൻ കൺട്രോളറായ ഉമ്മർ ഒട്ടേറെ സിനിമകളിൽ ചെറിയ വേഷങ്ങളിലും എത്തിയിട്ടുണ്ട്.  അലകടൽ എന്ന സിനിമയിലാണ് ശാരദ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. മൂന്നാഴ്ച മുൻപുവരെ നഗരത്തിലെ സാംസ്കാരിക പരിപാടികളിൽ ശാരദ സജീവമായിരുന്നു. ആഹ്വാൻ സ്മാരകപുരസ്കാര വേദിയിൽ ആഹ്വാൻ സെബാസ്റ്റ്യൻ ഈണമിട്ട ‘മതഭ്രാന്തിൻ അന്ധതയിൽ’ എന്ന പാട്ടുപാടി കലാസ്വാദകരെ പഴയ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടു പോയതിനു ശേഷമാണ് ശാരദയുടെ മടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com