കൂരാച്ചുണ്ട് – എരപ്പാംതോട് റോഡ് നവീകരണം നീളുന്നു; ജനങ്ങൾക്ക് യാത്രാദുരിതം

Mail This Article
കൂരാച്ചുണ്ട് ∙ പൊതുമരാമത്ത് വകുപ്പിന്റെ കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിൽ പതിയിൽ ജംക്‌ഷൻ മുതൽ എരപ്പാംതോട് വരെയുള്ള പാത നവീകരണ പ്രവൃത്തി നീളുന്നതിൽ ജനങ്ങൾക്ക് യാത്രാദുരിതം തുടരുന്നതായി പരാതി. 12 ദിവസം മുൻപ് നിലവിലെ ടാറിങ് പാത പൂർണമായും പൊളിച്ചതിനാൽ യാത്രക്കാരുടെ ദുരിതം വർധിച്ചു. ടാറിങ് ഇളക്കിയതോടെ പാത കുണ്ടും കുഴിയുമായി തീർന്നതും മെറ്റൽ ഉൾപ്പെടെ റോഡിൽ ഇളകി കിടക്കുന്നതും കാൽനട യാത്രയ്ക്കും, ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതും അപകട ഭീഷണിയാകുന്നുണ്ട്.
പ്രധാന പാതയിലെ റോഡ് പണി വൈകുന്നതിൽ ജനകീയ പ്രതിഷേധം ഉയരുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് പ്രവൃത്തി ആരംഭിച്ചെങ്കിലും മഴക്കാലത്തിനു മുൻപ് ടാറിങ് പണി പൂർത്തിയാക്കി ഗതാഗത പ്രശ്നം പരിഹരിക്കാൻ കഴിയുമോയെന്നാണു നാട്ടുകാരുടെ ആശങ്ക.റോഡിൽ 1.4 കിലോമീറ്ററിൽ 5.50 മീറ്റർ വീതിയിൽ ടാറിങ്ങിനായി 1.42 കോടി രൂപയുടെ പ്രവൃത്തിയാണ് പൂർത്തീകരിക്കാൻ ഉള്ളത്. റോഡ് പണിയുടെ അടുത്ത ഘട്ടത്തിൽ റെഡിമിക്സ് ഉപയോഗിച്ച് ബിഎം വർക്കാണു പൂർത്തീകരിക്കേണ്ടത്.റോഡിന്റെ ലവൽസ് റിപ്പോർട്ട് അനുമതിക്കായി അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലാണ് നിലവിലുള്ളത്.
ഇത് എക്സിക്യൂട്ടീവ് എൻജിനീയർ പാസാക്കിയാൽ മാത്രമേ അടുത്ത ഘട്ടത്തിലെ പ്രവൃത്തി ആരംഭിക്കാൻ കഴിയൂ. ലവൽസ് റിപ്പോർട്ട് പാസാക്കാൻ നൽകിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ പണി തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.റോഡിലെ അടുത്ത ബിഎം വർക്കിനു ശേഷം വീണ്ടും ലവൽസ് എടുത്ത് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്നും അനുമതി വാങ്ങണം. ഫലത്തിൽ ലവൽസ് അനുമതിക്ക് തന്നെ ആഴ്ചകൾ വേണ്ടി വരുന്നതിനാൽ മഴയ്ക്ക് മുൻപ് പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കണമെങ്കിൽ കരാറുകാരൻ സമയബന്ധിതമായി കാര്യങ്ങൾ ചെയ്തെങ്കിൽ മാത്രമേ സാധിക്കൂ.