സഞ്ചാരികളുടെ മനം മയക്കി കോഴിപ്പാറ വെള്ളച്ചാട്ടം: അപകടം പതിയിരിക്കുന്നു

Mail This Article
തിരുവമ്പാടി ∙ മലപ്പുറം– കോഴിക്കോട് ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ പതിയിരിക്കുന്നത് അപകടം. മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കൻ അതിർത്തിയിൽ കുറാൻ പുഴയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാണ്. വേനലിലും തണുത്ത കാലാവസ്ഥയാണു പ്രത്യേകത. വനംവകുപ്പാണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. എടവണ്ണ ഫോറസ്റ്റ് റേഞ്ചിൽ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണു കോഴിപ്പാറ വെള്ളച്ചാട്ടം സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനായി പുഴയുടെ തീരങ്ങളിൽ ഇരുമ്പു കൈവരികൾ നിർമിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി 2 വർഷം മുൻപ് 9.5 സെന്റ് സ്ഥലം സ്വകാര്യവ്യക്തി നൽകിയിരുന്നു. അവിടെ താൽക്കാലികമായി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. സുരക്ഷാ ഗാർഡുകളുമുണ്ട്.
പന്തീരായിരം വനമേഖലയിൽ നിന്ന് ഉദ്ഭവിക്കുന്ന കുറാൻ പുഴ പാറക്കെട്ടുകളിലൂടെ പരന്ന് ഒഴുകി പതിക്കുന്ന 3 വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. മലപ്പുറം – കോഴിക്കോട് ജില്ലകളിൽനിന്നു ധാരാളം സന്ദർശകർ ഇവിടെ എത്തുന്നുണ്ട്. വേനൽ കാലത്താണ് ഇവിടെ കൂടുതൽ സന്ദർശകർ എത്തുന്നത്.ഇന്നലെ ഉച്ചയ്ക്കാണ് കോഴിക്കോട് നിന്നു കോളജ് വിദ്യാർഥികളുടെ 6 അംഗം സംഘം ഇവിടെ എത്തിയത്. ടിക്കറ്റ് കൊടുക്കുമ്പോൾ തന്നെ ആഴമുള്ള കയത്തിൽ ഇറങ്ങാൻ പാടില്ലെന്ന നിർദേശം നൽകിയിരുന്നതായി വനപാലകർ പറഞ്ഞു.കോഴിപ്പാറ വെള്ളച്ചാട്ടത്തിലെ ചാട്ടക്കയം എന്ന് അറിയപ്പെടുന്ന ഏറെ ആഴമുള്ളതും അപകടകരവുമായ കയത്തിലാണ് അപകടം ഉണ്ടായത്. ഇവിടെ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നു. പുറമേ ശാന്തമെങ്കിലും ഏറെ തണുപ്പുള്ള വെള്ളവും വലിയ ആഴവുമാണ് അപകടം ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം നല്ല മഴ പെയ്തതിനാൽ പുഴയിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നതും അപകടത്തിനു കാരണമായി.