ADVERTISEMENT

കോട്ടയ്ക്കൽ ∙ പുത്തൂർ - ചെനയ്ക്കൽ ബൈപാസ് നിർമാണം എന്നു പൂർത്തിയാകും? ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധികൾക്കോ കൃത്യമായ ഉത്തരം നൽകാൻ കഴിയുന്നില്ല. ഒന്നും രണ്ടും ഘട്ട നിർമാണം കഴിഞ്ഞു പതിറ്റാണ്ട് പിന്നിട്ടിട്ടും അവസാനഘട്ടം അനിശ്ചിതത്വത്തിലാണ്. മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്നു തൃശൂർ ഭാഗത്തേക്കും മറ്റും പോകുന്നവർക്ക് സഞ്ചരിക്കാനും അതുവഴി കോട്ടയ്ക്കൽ നഗരത്തിലെ വാഹനക്കുരുക്ക് ഒഴിവാക്കാനുമായാണ് ബൈപാസ് നിർമിക്കാൻ തീരുമാനിച്ചത്. 

പുത്തൂർ മുതൽ ആലിക്കൽ വരെയുളള വയലിലൂടെ 3 കിലോമീറ്റർ നീളത്തിൽ ഒന്നും രണ്ടും ഘട്ടങ്ങളായി പാത നിർമിച്ചു. ആലിക്കൽ മുതൽ ചെനയ്ക്കൽ വരെയുള്ള ഒന്നര കിലോമീറ്റർ കരഭൂമിയിൽ സർവേ നടത്തി സർവേക്കല്ലുകൾ നാട്ടിയിട്ട് 15 വർഷം കഴിഞ്ഞു. അൻപതോളം വീട്ടുകാർ 2 ഹെക്ടറിലേറെ ഭൂമിയാണ് വിട്ടുനൽകിയത്. പത്തിനും 20 സെന്റിനും ഇടയിലാണ് പലരും സ്ഥലം നൽകിയത്. സർവേക്കല്ല് കിടക്കുന്നതിനാൽ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നു മില്ല. നിർമാണം പൂർത്തിയാക്കുന്നതിന് 42 കോടി രൂപയോളം ചെലവ് വരും. 

16 കോടിയിലധികം തുക സ്ഥലമുടമകൾക്കു നഷ്ടപരിഹാരമായി നൽകാൻ തന്നെ വേണം. സർക്കാർ ആവശ്യമായ തുക അനുവദിക്കുന്നില്ലെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുമ്പോൾ പണം പദ്ധതിക്കു വിലങ്ങുതടിയാകില്ലെന്നാണ് എൽഡിഎഫ് പക്ഷം. നഷ്ടപരിഹാര തുകയുടെ കൃത്യമായ വിവരങ്ങൾ ഭൂമി ഏറ്റെടുക്കൽ വിഭാഗം മരാമത്ത് വകുപ്പിന് നൽകുകയാണ് അടിയന്തരമായി ചെയ്യാനുള്ളത്. ഫണ്ട് അനുവദിച്ചാൽ ഉടൻ കൈമാറാനാകും. ബൈപാസ് അവസാനിക്കുന്ന ചെനയ്ക്കൽ വഴിയാണ് ആറുവരിപ്പാത കടന്നുപോകുന്നത് എന്നതും ശ്രദ്ധേയമാണ്.

മന്ത്രി പി.എ.മുഹമ്മദ് റിയാസ്

‘‘ഭൂമി വിട്ടുനൽകിയവർക്കുള്ള വില നിശ്ചയിക്കൽ നടപടികൾ റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. 21.75 കോടി രൂപയുടെ പദ്ധതിക്കു ഇതിനകം ഭരണാനുമതിയായി. സ്ഥലമേറ്റെടുപ്പിന്റെ ആദ്യപടിയായി 50 ലക്ഷം രൂപ മരാമത്ത് വകുപ്പ് റവന്യൂവകുപ്പിന് നൽകിയിട്ടുണ്ട്. താമസം കൂടാതെ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.’’

കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ

‘‘തുക അനുവദിക്കാതെ മുഖം തിരിഞ്ഞുനിൽക്കുന്ന സമീപനം സർക്കാർ മാറ്റണം. റവന്യൂവകുപ്പ് ഭൂമി ഏറ്റെടുത്ത് മരാമത്തിന് കൈമാറേണ്ട കാലാവധി ഒരു വർഷം കൂടി നീട്ടിയതാണ്. ജാഗ്രത പുലർത്തിയില്ലെങ്കിൽ പദ്ധതി നഷ്ടമാകും.’’

ടി.കബീർ (കോട്ടയ്ക്കൽ നഗരസഭാ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ്)

‘‘15 വർഷം മുൻപ് അന്നത്തെ എൽഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്ന പാലോളി മുഹമ്മദ്കുട്ടിയുടെ ശ്രമഫലമായാണ് ഒന്നും രണ്ടും ഘട്ട നിർമാണം പൂർത്തിയായത്. എന്നാൽ, മാറിവന്ന എംഎൽഎമാരോ എംപിയോ തുടർനടപടികൾ സ്വീകരിച്ചില്ല. നഗരസഭാ ഭരണസമിതിയും ഉറക്കംനടിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മരാമത്ത്മന്ത്രിയെ കണ്ടു നിവേദനം നൽകിയിട്ടുണ്ട്. നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.’’

അമരിയിൽ അബ്ദുറഹിമാൻ (സ്ഥലം നഷ്ടപ്പെടുന്ന വ്യക്തി)

‘‘ഇടയ്ക്കിടെ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതല്ലാതെ മറ്റു നടപടികൾ സ്വീകരിക്കുന്നില്ല. സർവേക്കല്ല് നാട്ടിയതിനാൽ ഭൂമിയുടെ പേരിൽ ബാങ്ക് വായ്പ പോലും കിട്ടാത്ത അവസ്ഥയാണ്. സ്ഥലം ഉടൻ ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നൽകണം.’’

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com