പുലിയുടെ ആക്രമണം: നാട്ടുകാർ റോഡ് ഉപരോധിച്ചു

Mail This Article
എടക്കര ∙ നീലഗിരിയിലെ പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ ബാലിക പുലിയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.പന്തല്ലൂർ താലൂക്കിൽ ഇന്ന് സർവകക്ഷിയുടെ നേതൃത്വത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിലാണ് റോഡ് ഉപരോധിച്ചത്. വൈകിട്ട് അഞ്ചോടെ തുടങ്ങിയ ഉപരോധം മണിക്കൂറുകളോളം നീണ്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നത് തുടർസംഭവമായിട്ടും അധികൃതർ അനാസ്ഥ പുലർത്തുകയാണെന്നും ജീവന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം. കലക്ടറും ഉന്നത വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇക്കാര്യത്തിൽ ഉറപ്പു നൽകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. രാത്രിയിലും സമരം നീണ്ടതോടെ നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിയത്.