കാറ്റും മഴയും: കക്കറയിലും ചുള്ളിയോട്ടിലും നാശം

Mail This Article
കരുവാരകുണ്ട് ∙ ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കക്കറയിൽ നാശം. വീടുകൾക്കു മുകളിൽ മരം വീണു. വൈദ്യുതക്കാലുകൾ പൊട്ടി. ചെരിപുറത്ത് സക്കീർ ബാബുവിന്റെ വീട്ടുമുറ്റത്തെ മാവ് വീണു ശുചിമുറി തകർന്നു. തേങ്ങയിൽ റഫീഖിന്റെ വീടിനു മുകളിൽ മരം വീണു ജലസംഭരണി പൊട്ടി. മാറശേരി ഷരീഫ് താമസിക്കുന്ന ഷെഡിന്റെ ഷീറ്റുകൾ കാറ്റെടുത്തു. സിപിഎം ഓഫിസിനു മുകളിൽ റബർമരങ്ങൾ വീണു. താഴെ കക്കറയിൽ പലയിടത്തായി മരങ്ങൾ ഒടിഞ്ഞു. വൈകിട്ട് ആറോടെയാണ് ശക്തമായ കാറ്റു വീശിയത്.

വൈദ്യുതി വിതരണം തകരാറിലായി.കാറ്റിലും മഴയിലും ചുള്ളിയോട്ടിലും നാശം. പ്ലാത്തോട്ടത്തിൽ ജോൺ, പുലിയോടൻ ഷാജഹാൻ, പാറോക്കോട്ടിൽ അനിസ്റ്റോ എന്നിവരുടെ വീടുകൾക്കു മുകളിൽ മരം വീണു നാശമുണ്ടായി. വേളൂർക്കര ഷാജിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. പാറോക്കോട്ടിൽ ബാബുവിന്റെ കോഴികളെ വളർത്തുന്ന ഷെഡും മരം വീണു പൂർണമായി തകർന്നു. പല ഭാഗങ്ങളിലായി റബർ, കമുക് തുടങ്ങിയ വിളകളും നശിച്ചിട്ടുണ്ട്.