ADVERTISEMENT

മുംബൈ ∙ ഗുരുതര അപകടങ്ങളിൽ അന്വേഷണം നടത്താനും അത്തരം സംഭവങ്ങൾ ആഴത്തിൽ വിശകലനം നടത്തി പ്രതിരോധ നടപടികളും പരിഹാരവും നിർദേശിക്കാനുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക ട്രാഫിക് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ ആലോചന. നിലവിൽ ട്രാഫിക് പൊലീസിനു കേവലം ഔട്പോസ്റ്റുകൾ (ചൗക്കി) മാത്രമാണുള്ളത്.വാഹനഗതാഗതം നിയന്ത്രിക്കുക, ട്രാഫിക് നിയമം തെറ്റിക്കുന്നവരിൽ നിന്നു പിഴ ഈടാക്കുക എന്നിവയാണ് ഇപ്പോൾ ചെയ്യുന്നത്. യാത്ര കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പൊലീസ് സ്റ്റേഷനുകളിൽ വാഹനാപകടക്കേസുകൾ റജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും ക്രമസമാധാനപാലന തിരക്കിൽ ലോക്കൽ പൊലീസിന് ഇതിൽ ആഴത്തിൽ അന്വേഷണം നടത്താനാകുന്നില്ല. അശ്രദ്ധമായ ഡ്രൈവിങ്, മോശം റോഡ്, കാലാവസ്ഥ, വാഹനങ്ങളുടെ യന്ത്രത്തകരാറുകൾ, മോശമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം അപകടത്തിനും ഗതാഗതകുരുക്കിനും കാരണമാകുന്നു. ഇതു കൃത്യമായി കണ്ടെത്താനും പരിഹരിക്കാനും ട്രാഫിക് പൊലീസ് സ്റ്റേഷനു കഴിയും. ഇതുമായി ബന്ധപ്പെട്ട ശുപാർശ ട്രാഫിക് വകുപ്പ് സംസ്ഥാന സർക്കാരിന് ഉടൻ സമർപ്പിക്കും.

കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളുടെ ഗണത്തിൽ രണ്ടാം സ്ഥാനത്താണു മഹാരാഷ്ട്ര. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 12,788 പേരാണ് അപകടങ്ങളിൽ മരിച്ചത്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് 17,142 ഗുരുതര അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 7682 പേർ മരിച്ചു. ലോക്ഡൗൺ ആയിട്ടും മുംബൈയിൽ ഈ വർഷം സെപ്റ്റംബർ വരെ 1171 അപകടങ്ങളിലായി 197 പേർ മരിച്ചു.

പിഴ അടയ്ക്കാത്തവരെ കണ്ടെത്തും

ട്രാഫിക് നിയമങ്ങൾ ലംഘിച്ചവരിൽ പിഴ അടയ്ക്കാത്തവരെ കണ്ടെത്താൻ ട്രാഫിക് പൊലീസ് കർശനമായ പരിശോധന ആരംഭിച്ചു. പിഴയിനത്തിൽ 700 കോടി രൂപയാണ് സംസ്ഥാനത്തു പിരിഞ്ഞു കിട്ടാനുള്ളത്. ഇതിൽ 40% മുംബൈയിൽ നിന്നാണ്.
പതിവായി നിയമം ലംഘിക്കുന്നവരെയും പിഴ അടയ്ക്കാത്തവരെയും കണ്ടെത്തി അവരുടെ ലൈസൻസ് റദ്ദാക്കാനാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം. ഇതിൽ ഹൈവേ പൊലീസിന്റെയും സഹായം തേടും.

15 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നിയമം. അടച്ചില്ലെങ്കിൽ ദിവസം 10 രൂപ കണക്കിൽ വേറെയും പിഴയുണ്ട്. പിഴ അടയ്ക്കാൻ ഡെബിറ്റ്, ക്രെഡിറ്റ് കാർഡും ഉപയോഗിക്കാം. നിയമം ലംഘിക്കുന്നവർക്ക് ആദ്യതവണ 100- 500 രൂപയും, ആവർത്തിച്ചാൽ 300-1000 രൂപയും, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്കു 10,000 രൂപ വരെയുമാണ് പിഴ. പിഴ വർധിപ്പിക്കാനും സർക്കാർ ആലോചിച്ചു വരികയാണ്. ഓൺലൈനിൽ പിഴ അടയ്ക്കാൻ : https://mahatrafficechallan.gov.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com