കണി കണ്ടുണർന്ന് മഹാനഗരം

Mail This Article
മുംബൈ ∙ ഐശ്വര്യത്തിന്റെ പൊൻതിളക്കവുമായി മഹാനഗരം വിഷുക്കണി കണ്ടുണർന്നു. ഒട്ടേറെപ്പേർ ഇത്തവണ വീടുകളിൽ കണിയൊരുക്കി. ഇന്നലെ അംബേദ്കർ ജയന്തിയും ഇന്നു ശനിയും ആയതിനാൽ അവധി ലഭിച്ചത് വിഷുവിന് പതിവിലും പകിട്ടേകി. നാളെയും അവധി ആയതിനാൽ, ആഘോഷം അതുവരെ നീളും. കേരളത്തിന്റെ പരമ്പരാഗത രീതികൾ പരമാവധി പാലിച്ചാണ് മറുനാട്ടിലും വിഷു ആഘോഷിക്കുന്നത്. കൈനീട്ടവും വിഷുസദ്യയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സംഗമങ്ങളുമെല്ലാം ആഘോഷത്തിനു പൊലിമ പകരുന്നു. ഒട്ടേറെ മലയാളി ഹോട്ടലുകളും സദ്യയൊരുക്കുന്നുണ്ട്.
നഗരത്തിൽ വിഷു ആഘോഷം
∙ മീരാറോഡ് കേരള സാംസ്‌ക്കാരിക വേദി ഈസ്റ്റർ-വിഷു- ഈദ് ആഘോഷം നാളെ വൈകിട്ട് 6.30ന് മീരാറോഡ് സെന്റ് സേവ്യേഴ്സ് ഹൈസ്‌കൂൾ നടത്തും. സർഗം മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള, നൃത്തനൃത്തങ്ങൾ, ഭക്ഷ്യമേള എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9892419913.
∙ ഐരോളി അയ്യപ്പ ക്ഷേത്രത്തിൽ ഇന്നു രാവിലെ 5.30 മുതൽ വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം. ഫോൺ: 9594462989
∙ വാപി അയ്യപ്പ ക്ഷേത്രത്തിൽ ഇന്നു രാവിലെ 5ന് നട തുറക്കും. നിർമാല്യ ദർശനത്തെത്തുടർന്ന് വിഷുക്കണി. 6.30 മുതൽ വിഷുക്കൈനീട്ടം. രാത്രി 7ന് ഭജന, അത്താഴ പൂജ, 9ന് മഹാ ദീപാരാധന, തുടർന്ന് അന്നദാനം.
പൂക്കാതിരിക്കാനെനിക്കാവതില്ലേ...ശീതൾ ബാലകൃഷ്ണൻ (എഴുത്തുകാരി)
ഞാൻ ഒരു വിഷുപ്പുലരിയിൽ പിറന്ന പെൺകുട്ടിയാണ്. ചെറുപ്പത്തിൽ, പിറന്നാളാഘോഷങ്ങൾ വിഷുവിൽ മുങ്ങിപ്പോവും. ആ സങ്കടങ്ങൾ, ആഘോത്തിമിർപ്പുകൾ മായ്ക്കും. മരംകേറി കുട്ടിയായതുകൊണ്ട് കൊന്നപ്പൂ പറിക്കുന്നവരുടെ നേതാവ് ഞാൻ തന്നെയായിരുന്നു. ചിത്രകഥാവായനയും, പഠനവും, ഊണും, ഊഞ്ഞാലാട്ടവും ഒക്കെ മരത്തിന്റെ മുകളിൽ തന്നെയായിരുന്നുവല്ലോ.
കണ്ണ് പൊത്തി, അമ്മയൊരുക്കിയ കണി കാണാൻ വിളിക്കുന്നത് അച്ഛനാണ്. സമൃദ്ധമാണ് കണി - വെള്ളരി, മാങ്ങ, ചക്ക തുടങ്ങി നെയ്യപ്പം, കുഴലപ്പം വരെ. അച്ഛന്റെ ഒറ്റ നൂറു രൂപയെക്കാൾ ബാങ്കുദ്യോഗസ്ഥനായ മാമന്റെ പുത്തൻ മണമുള്ള വടിവൊത്ത നൂറു ഒറ്റരൂപ കെട്ടാണ് ഓർമയിൽ. അതും, അതിന്റെ മണവും ഇന്നുമുണ്ട്. കൈനീട്ടം വാങ്ങിയ ഉടൻ പല്ലു തേക്കുന്നതിനു മുൻപ് കണിയിൽ നിന്ന് നെയ്യപ്പമെടുക്കും. പിന്നെ പടക്കം പൊട്ടിക്കലാണ്.
പെണ്ണിന് പൂത്തിരിയും മത്താപ്പും ആണിന് ഓലപ്പടക്കവും ഗുണ്ടും എന്ന നിയമത്തെ കാറ്റിൽ പറത്തി, മുട്ടൻ പടക്കങ്ങൾ കയ്യിൽ നിന്ന് കൊളുത്തി എറിയുമ്പോൾ കണ്ണടച്ചു നിൽക്കും അമ്മ. മുഖത്ത് അഭിമാനപ്പൂത്തിരി കത്തിച്ച് അച്ഛൻ.പ്ലാവിലക്കുമ്പിളിൽ വിഷുക്കഞ്ഞി പാലക്കാടൻ പുളിയവരപ്പുഴുക്കും ചേർത്ത് മിന്നിച്ച് അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും കൂടെ പള്ളിയറക്കാവിലേക്കു നടത്തം. അപ്പോൾ മനസ് മുഴുവൻ എത്ര കൂട്ടിയിട്ടും തീരാത്ത കൈനീട്ട കണക്കുകൾ.മുംബൈയിലേക്കു പറിച്ചു നട്ടപ്പോൾ എല്ലാം തീർന്നു എന്നാണ് കരുതിയത്.
പിറന്നാൾ കേക്ക് വിഷുക്കണിയെ തോൽപിച്ചു കൊണ്ടേയിരുന്നു. നഗരത്തിന്റെ തിരക്ക്. ട്രാഫിക്കിന്റെ പടലപ്പിണക്കങ്ങളും വിയർത്തു കുളിച്ച ട്രെയിൻ യാത്രകളും കഴിഞ്ഞു തളർന്നുറങ്ങുന്ന നഗരത്തിൽ എന്ത് വിഷു എന്നോർക്കും. അമ്പലത്തിലും വലിയ തിരക്കുണ്ടാവാറില്ല. വിഷു, ഒരു അവധിയും, നെറ്റ്ഫ്ലിക്സിലെ ബാക്കിയാക്കിയ വെബ് സീരീസ് തീർക്കാനുള്ള ദിവസവും, എന്ന് കുറിച്ചിടും.
ഓർമകൾ ഉണങ്ങിക്കരിഞ്ഞെന്നു തോന്നുമ്പോഴാണ് മുംബൈ നഗരത്തിന്റെ മുനമ്പിൽ ആഴ്ചകൾക്ക് മുൻപേ കണിക്കൊന്നകൾ തെളിയുന്നത്. ഗൂഗിൾ മാപ്പ് നോക്കാതെ സകലയിടത്തും പൂക്കുന്ന കൊന്നമരങ്ങൾ. വേനലിനെ അതിജീവിച്ചു ധ്യാനം പോലെ പൂത്തുനിൽക്കുന്ന കൊന്നമരങ്ങൾ എന്താണ് പറയുന്നത്?
ഞാൻ വീണ്ടും മരംകയറി കുട്ടിയായി മാറും. മകനെയും കൂട്ടി പർവതിയെയും സരിതയെയും സുരേഷേട്ടനെയും വിളിച്ചു പാതിരാത്രിക്കൊരു യാത്രയുണ്ട്. കൊന്നപ്പൂ പറിക്കാൻ. വഴിയരികിലെ മരങ്ങൾ താഴ്ന്നു തരും. അവർക്കു പൂക്കാതിരിക്കാനാവില്ലല്ലോ. എനിക്കും കണിയൊരുക്കേണ്ടതുണ്ട്; ദീപ്തമായ ഓർമകൾക്കുവേണ്ടി, മകന് വേണ്ടി. പുതിയ കാഴ്ചകൾക്കുവേണ്ടി പുതിയ കാലത്തിനു വേണ്ടി. കെട്ട കാലത്തിന്റെ കരിന്തിരിയിൽ നിന്ന് പുതിയ വെളിച്ചത്തിനായി...
കൈനീട്ടം ഒാൺലൈനിൽ
‘‘മാർച്ച് 31ന് അക്കൗണ്ട്സ് ക്ലോസിങ്ങിന് ശേഷം ഓഡിറ്റ് നടക്കുന്നതിന്റെ തിരക്കിലാണ് കുറേ വർഷങ്ങളായി വിഷു ആഘോഷിക്കുന്നത്.എന്നാലും ആഘോഷത്തിന് കുറവു വരുത്താറില്ല. മകളാണ് വിഷുക്കണി തയാറാക്കുന്നത്. വീട്ടിലെ കണി കണ്ടതിനു ശേഷം അസോസിയേഷൻ ഓഫിസിൽ കണി ഒരുക്കാൻ പോകും. അവിടെ മെംബർമാർക്ക് രാവിലെ 7.30 മുതൽ 9.30 വരെ വിഷുക്കണി ദർശനവും, കൈനീട്ടവും പായസവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് വീട്ടിൽ സദ്യ ഒരുക്കും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള ആശംസാ സന്ദേശങ്ങൾ കൂടുതലും വാട്സ് ആപിലൂടെയാണ്. അച്ഛനെയും അമ്മയെയും ഇപ്പോഴും വിളിച്ചാണ് വിഷ് ചെയ്യുന്നത്. വിഷുക്കൈനീട്ടം അച്ഛനും അമ്മയ്ക്കും ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്യും. പണ്ട് മണി ഓർഡർ വഴിയായിരുന്നു കൈനീട്ടം അയച്ചിരുന്നത്’’. ∙ ഇടശ്ശേരി രാമചന്ദ്രൻ, മുളുണ്ട്
കാത്തുസൂക്ഷിക്കണം പൈതൃകം
‘‘എൺപതുകളിലെ വിഷുക്കാലമെല്ലാം ഇപ്പോഴും മനസ്സിൽ പൂത്തുനിൽക്കുന്നു. അന്ന് ഇത്രയേറെ മലയാളികളും മലയാളിക്കടകളുമില്ല. ഉല്ലാസ്നഗറിലെ വീടിനടുത്തുള്ള മലയാളിക്കടകളിൽ കിട്ടാത്ത വിഷുസാധനങ്ങൾ മാട്ടുംഗയിലെത്തിയാണ് വാങ്ങുക. വീട്ടിൽ ഇലസദ്യയൊരുക്കും. അയൽക്കാരെയും സുഹൃത്തുക്കളെയും ക്ഷണിക്കും. പുതിയ തലമുറ വിഷു ആഘോഷിക്കുന്നുണ്ടെങ്കിലും പഴയതു പോലെ സജീവമല്ല. നമ്മുടെ സംസ്കാരവും ആഘോഷങ്ങളുമെല്ലാം അടുത്ത തലമുറയിലേക്കും പകരാൻ പ്രത്യേക താൽപര്യം എടുക്കണം, ശ്രമം നടത്തണം’’.∙ ഡോ. വി.എസ്. പിള്ള, സീനിയർ സിറ്റിസൻ, ഉല്ലാസ്നഗർ
സുന്ദരം, ഓർമകളിലെ വിഷു
‘‘അടുത്തുള്ള ക്ഷേത്രത്തിൽ വിഷു 1 മുതൽ 10 ദിവസം വരെ ഉത്സവ ആഘോഷങ്ങൾ, ബന്ധുക്കളുടെ ഒത്തുകൂടൽ, പുതിയ വസ്ത്രങ്ങൾ, പടക്കങ്ങൾ അര നൂറ്റാണ്ട് മുൻപുള്ള വിഷു വലിയ ഉൽസവത്തിമിർപ്പിന്റേതായിരുന്നു. ഇന്നു വിഷുവിന് ഡിജിറ്റൽ മുഖമാണ്. കൊന്നയും കണിസാമാഗ്രികളുമെല്ലാം ഒറ്റ ക്ലിക്കിൽ കിട്ടും. കൈനീട്ടവും ഓൺലൈനിൽ ആകുന്നു. മൊബൈലിൽ വിഷു ആശംസകളുടെ ബഹളം...ഓർമകളിലെ വിഷുവിനാണ് നിറപ്പകിട്ട് കൂടുതൽ’’.∙ രാജേന്ദ്രൻ നായർ, സീനിയർ