സംസ്ഥാനത്തെ ഇവി തലസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി; വമ്പൻ കമ്പനികളുടെ നിർമാണശാലകൾ ഉടൻ തുറക്കും

Mail This Article
മുംബൈ ∙ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ തലസ്ഥാനം കൂടിയാക്കി മാറ്റുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. വമ്പൻ കമ്പനികളുടെ ഇലക്ട്രിക് വാഹന നിർമാണശാലകൾ പുണെയിലും ഛത്രപതി സംഭാജി നഗറിലും ഉടൻ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ടെസ്‌ല ബികെസിയിലും പുണെയിലും ഓഫിസ് തുറന്നേക്കുമെന്ന സൂചനകളുമുണ്ട്. അതിനൊപ്പം ചൈനീസ് കമ്പനി ബിവൈഡിയും സംസ്ഥാനത്ത് ചുവട് ഉറപ്പിക്കുകയാണ്.
‘മഹീന്ദ്രയുടെയും ടാറ്റയുടെയും ഇലക്ട്രിക് കാറുകൾക്കും ഓലയുടെ സ്കൂട്ടറുകൾക്കും ഇവിടെ വൻ ഡിമാൻഡ് ആണ്. പൊതുഗതാഗതരംഗത്ത് 2,500 ഇലക്ട്രിക് ബസുകൾ ഘട്ടംഘട്ടമായി ഇറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ പകുതിയും ഇലക്ട്രിക് വാഹനങ്ങളാണ്. അവയ്ക്കായി ചാർജിങ് കേന്ദ്രങ്ങളും വിപുലമാക്കി വരികയാണ്. ഇവിക്ക് ഉൗന്നൽ നൽകിയുള്ള പദ്ധതികളിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്’– മുഖ്യമന്ത്രി പറഞ്ഞു.
6% നികുതിവർധന പിൻവലിച്ചു
30 ലക്ഷം രൂപയിൽ കൂടുതലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 6% ഉയർത്താനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചു. കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾക്കും നിർദേശങ്ങൾക്കും വിരുദ്ധമാകുമെന്ന് കണ്ടാണ് മലക്കംമറിച്ചിൽ. നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാൻ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചുകൂടേയെന്ന് ഹൈക്കോടതിയും ചോദിച്ചിരുന്നു. ഇക്കാര്യം പഠിക്കുന്നതിനായി പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.കഴിഞ്ഞ 10ന് സംസ്ഥാന ബജറ്റിലാണ് നികുതി കൂട്ടാൻ തീരുമാനിച്ചത്. വ്യാപക വിമർശനം ഉയർന്നതോടെയാണു പിന്മാറ്റം.
കേന്ദ്രം ഇ–വാഹനങ്ങളെ പ്രോത്സാഹിപ്പിക്കമ്പോൾ നികുതിവർധന പാടില്ലെന്നു ബിജെപിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. കൂടുതൽ പേർ ഇ–വാഹനങ്ങളിലേക്ക് മാറുന്നതിനിടെ അധികനികുതി ഈടാക്കുന്നത് നല്ല സന്ദേശം നൽകില്ലെന്ന തിരിച്ചറിവും സർക്കാരിനുണ്ടായിട്ടുണ്ട്.സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് അധിക വരുമാനമെന്ന ലക്ഷ്യത്തോടെയാണ് ധനവകുപ്പ് അധികനികുതി ഈടാക്കാൻ തീരുമാനിച്ചത്. എന്നാൽ കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ വരുന്നതോടെ വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.