കീശ കാലി; സിഎൻജി, പിഎൻജി വിലയും കൂടി

Mail This Article
മുംബൈ∙ പാചകവാതക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതിനു പിന്നാലെ മുംബൈ മെട്രോപ്പൊലിറ്റൻ റീജനിൽ സിഎൻജിയുടെയും പൈപ്പ് വഴി ലഭിക്കുന്ന പാചകവാതകത്തിന്റെയും (പിഎൻജി) വില വർധിപ്പിച്ചത് ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കൂട്ടും. സിഎൻജി കിലോഗ്രാമിന് 1.50 രൂപയും പിഎൻജി യൂണിറ്റിന് ഒരു രൂപയുമാണു വർധിപ്പിച്ചത്. സിഎൻജിയുടെ പുതിയ നിരക്ക് (കിലോഗ്രാമിന്) 79.50 രൂപയാണ്. പിഎൻജി വില യൂണിറ്റിന് 49 രൂപയുമായി.
മഹാനഗരത്തിലെ ടാക്സികളിലേറെയും സ്വകാര്യ വാഹനങ്ങളിൽ ഒരു വിഭാഗവും സിഎൻജിയാണ് ഉപയോഗിക്കുന്നത് എന്നതിനാൽ വിലക്കയറ്റം തിരിച്ചടിയാണ്. മുംബൈ മെട്രോപ്പൊലിറ്റൻ മേഖലയിൽ വീടുകളിലേറെയും പൈപ്പ് വഴിയുള്ള പാചകവാതകത്തിലേക്കു മാറുകയാണ്. മഹാനഗരത്തിൽ 24 ലക്ഷം വീടുകളിൽ പൈപ്പ് വഴിയുള്ള പാചക വാതകമാണ് ഉപയോഗിക്കുന്നത്. അതിനാൽ, പിഎൻജി വിലവർധന കുടുംബങ്ങളിലെ ചെലവു കൂട്ടും. ഫെബ്രുവരിയിൽ ഓട്ടോ, ടാക്സി നിരക്ക് മൂന്നു രൂപ വർധിപ്പിച്ചിരുന്നു.
വാഹന ഉടമകൾക്ക് അതിന്റെ ആശ്വാസം ലഭിച്ചുതുടങ്ങിയതിനു പിന്നാലെയാണ് ഇരുട്ടടിപോലെ സിഎൻജി വിലവർധന. ആറു മാസത്തിനിടെ മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നതെന്ന് ഓട്ടോ, ടാക്സി യൂണിയനുകൾ ആരോപിച്ചു. മുംബൈ മെട്രൊപ്പൊലിറ്റൻ റീജനിൽ അഞ്ചു ലക്ഷത്തോളം സ്വകാര്യ കാറുകളും മൂന്നു ലക്ഷത്തോളം ഓട്ടോറിക്ഷകളും സിഎൻജി ഉപയോഗിക്കുന്നതായാണ് കണക്ക്.