വിഷുത്തിരക്കിൽ ഉണർന്ന് വിപണി; പ്രതീക്ഷയിൽ മാട്ടുംഗ മാർക്കറ്റ്

Mail This Article
മുംബൈ∙ വിഷുവിന് നാടും നഗരവും ഒരുങ്ങവേ വിപണികളും ഉണർന്നു. മിക്ക മലയാളിക്കടകളും ഇൗ വാരാന്ത്യം വിഷുത്തിരക്കിലേക്കു കടക്കും. മലയാളികളുടെ ആദ്യകാല മാർക്കറ്റായ മാട്ടുംഗയിൽ വിഷുപ്രതീക്ഷയിലാണ് വ്യാപാരികൾ. ഇന്നും നാളെയുമായി കൂടുതൽ സാധനങ്ങൾ കേരളത്തിൽ നിന്നെത്തുന്നതോടെ വിപണി സജീവമാകും. വിഷു തിങ്കളാഴ്ച ആയതിനാൽ ശനിയും ഞായറും കച്ചവടത്തിരക്കേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് മാട്ടുംഗയിൽ കൂടുതൽ പച്ചക്കറികളും മറ്റുമെത്തുന്നത്.
എന്തുകൊണ്ട് മാട്ടുംഗ
ഗുണനിലവാരമുള്ള ഉൽപന്നങ്ങളും വിലക്കുറവുമാണ് മാട്ടുംഗ മാർക്കറ്റിന്റെ സവിശേഷത. മൊത്തവ്യാപാരത്തിനൊപ്പം ചില്ലറ വിൽപനയുമുണ്ട്. മറ്റിടങ്ങളിൽ ഒരു കിലോ കപ്പയ്ക്ക് 80 രൂപ വരെ നൽകണമെങ്കിൽ മാട്ടുംഗയിൽ ഇന്നലെ ഒരു കിലോ കപ്പയുടെ വില 50 രൂപയാണ്. മാട്ടുംഗ മാർക്കറ്റിന് പഴയ പ്രതാപം ഇല്ലെങ്കിലും അവധി ദിവസങ്ങളിൽ വിപണി ഉഷാറാണ്.
വെളിച്ചെണ്ണയ്ക്ക് പൊള്ളും വില
എണ്ണ വിലയും തേങ്ങവിലയും പിടിവിട്ട നിലയിലാണ്. കിലോയ്ക്ക് 350 രൂപയാണ് വെളിച്ചെണ്ണയുടെ വില. എണ്ണവിലയും ചേനയുടെ വിലയും മാത്രമാണ് കൂടി നിൽക്കുന്നത്. മറ്റ് സാധനങ്ങൾക്കെല്ലാം കുറച്ചുനാളായി വലിയ വ്യത്യാസം വന്നിട്ടില്ല. തേങ്ങ കിലോയ്ക്ക് 90 രൂപ. ചേനയ്ക്കും 90 രൂപയാണ് വിലയെന്ന് വ്യാപാരികളിലൊരാളായ സൗത്ത് ബാസ്ക്കറ്റ് ഉടമ ബിജു പറഞ്ഞു.
വാഴയിലയ്ക്ക് വിലയേറും
മാട്ടുംഗയിൽ നിലവിൽ 6 രൂപയാണ് തൂശനിലയുടെ വില. എന്നാൽ, വരും ദിവസങ്ങളിൽ ചില്ലറവില 8–10 രൂപ വരെ ആയി ഉയരാം. ചൂടു കൂടിയതിനാൽ വരവിൽ കുറവുണ്ട്. 100 ഇലയുടെ മൊത്തവില 600 രൂപയാണ്.
മാട്ടുംഗയിലെ വില നിലവാരം (കിലോയ്ക്ക്)
∙ ഏത്തപ്പഴം: 80
∙ ഞാലിപ്പൂവൻ: 90
∙ ഉള്ളി: 80
∙ കൂർക്ക, ചേമ്പ്: 100
∙ മൂവാണ്ടൻ മാങ്ങ: 100
∙ വെള്ളരി: 60
∙ കപ്പ: 50
∙ സവാള: 40
∙ ഉരുളക്കിഴങ്ങ്: 40
∙ വെളുത്തുള്ളി: 280
∙ ചേന: 90
∙ അരി: 65
∙ ചിപ്സ്: 350