ധാരാവി പുനർവികസനം; മാലിന്യക്കൂനയായ ദേവ്നാറിൽ പുനരധിവാസം വേണ്ടെന്ന് ജനം
Mail This Article
മുംബൈ∙ ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷത്തോളം പേരെ ഡംപിങ് ഗ്രൗണ്ടായ ദേവ്നാറിലേക്ക് മാറ്റാനുള്ള തീരുമാനം വിവാദമാകുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) പരിസ്ഥിതി നിയമങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വിരുദ്ധമാണ് നടത്തിപ്പുകാരുടെ നീക്കമെന്നാണ് ധാരാവി നിവാസികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പറയുന്നത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള നവഭാരത് മെഗാ ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡും (എൻഎംഡിപിഎൽ) സർക്കാരും ചേർന്നാണ് ധാരാവി പദ്ധതി നടപ്പാക്കുന്നത്. താമസക്കാരെ ദേവ്നാറിലേക്ക് മാറ്റാനുള്ള തീരുമാനത്തിന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സർക്കാർ അംഗീകാരം നൽകിയത്.
സിപിസിബിയുടെ 2021ലെ മാർഗനിർദേശങ്ങൾ പ്രകാരം, ഇപ്പോൾ ഉപയോഗിക്കാത്ത ഡംപിങ് ഗ്രൗണ്ടിൽ ആശുപത്രിയോ വീടോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ നിർമിക്കാൻ പാടില്ല. ഡംപിങ് ഗ്രൗണ്ടിന്റെ 100 മീറ്റർ ചുറ്റളവ് വികസന നിരോധിത മേഖലയായി കണക്കാക്കുകയും വേണം. എന്നാൽ ദേവ്നാർ അടച്ചിട്ട ഡംപിങ് ഗ്രൗണ്ടല്ല. വിഷവാതകങ്ങളും വിഷദ്രാവകങ്ങളും ഉൽപാദിപ്പിക്കുന്ന നഗരത്തിലെതന്നെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണിത്. ഇന്ത്യയിൽ വിഷവാതകം പുറന്തള്ളുന്ന ഏറ്റവും വലിയ മീതെയ്ൻ ഹോട്ട്സ്പോട്ടുകളിൽ ഒന്നായിട്ടാണ് ഇത് കണക്കാക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന് സമർപ്പിച്ച 2024ലെ സിപിസിബി റിപ്പോർട്ട് അനുസരിച്ച് ദേവ്നാറിൽനിന്ന് ഓരോ മണിക്കൂറിലും 6,202 കിലോഗ്രാം മിഥേനാണ് അന്തരീക്ഷത്തിലേക്ക് എത്തുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ദേവ്നാർ ഡംപിങ് ഗ്രൗണ്ടിന്റെ ഭാഗമായ 124 ഏക്കർ ഭൂമി ധാരാവി പദ്ധതിക്കായി കോർപറേഷൻ സർക്കാരിന് കൈമാറിയത്. നിലവിൽ മാലിന്യം തള്ളുന്നില്ലെങ്കിലും ഇരുന്നോറോളം ഏക്കർ സ്ഥലം നിലവിൽ ഡംപിങ് ഗ്രൗണ്ട് തന്നെയാണ്. പുനരധിവാസത്തിനായി കൈമാറിയ 124 ഏക്കറിൽ 80 ലക്ഷം മെട്രിക് ടൺ മാലിന്യം ഇപ്പോഴും ഉണ്ടെന്നാണ് റിപ്പോർട്ട്. പുനരധിവാസത്തിന് ധാരാവിക്ക് പുറത്ത് 200 മുതൽ 300 വരെ ഏക്കർ ഭൂമി ആവശ്യമാണെന്നും നഗരത്തിലെ ഭൂമി ലഭ്യതയിലെ കുറവ് കാരണമാണ് ദേവ്നാർ തിരഞ്ഞെടുത്തതെന്നും നവഭാരത് മെഗാ ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ എസ്.വി.ആർ ശ്രീനിവാസ് പറഞ്ഞു.
മുംബൈയുടെ ഹൃദയഭാഗത്ത് 600ൽ ഏറെ ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ധാരാവിയിലെ 296 ഏക്കർ ഭൂമി വലിയ ടൗൺഷിപ്പാക്കി മാറ്റാനാണ് ചേരിനിർമാണത്തിന്റെ കരാർ നേടിയ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. രേഖകളുള്ളവർക്ക് 350 ചതുരശ്രയടിയുള്ള ഫ്ലാറ്റുകൾ സൗജന്യമായി നൽകും. ചേരി പുനർനിർമിക്കുന്ന ചെലവ് അദാനി ഗ്രൂപ്പും സർക്കാരും ചേർന്നു വഹിക്കും. പകരം, ധാരാവിയിൽ വാണിജ്യ കെട്ടിടങ്ങളും ആഡംബര താമസ സമുച്ചയങ്ങളും അദാനി ഗ്രൂപ്പിന് നിർമിച്ച് വിൽക്കാം. രേഖകളില്ലാത്തവരിൽനിന്ന് ചെറിയ തുക വാടക ഈടാക്കി അവരെ പുനരധിവസിപ്പിക്കാൻ ദേവ്നാർ, കുർള, വഡാല എന്നിവിടങ്ങളിലെ സ്ഥലങ്ങളും മുളുണ്ട്, കാഞ്ചൂർമാർഗ്, ഭാണ്ഡുപ് എന്നിവിടങ്ങളിലെ ഉപ്പളങ്ങളും സർക്കാർ വിട്ടുനൽകിയിട്ടുണ്ട്.