പൊള്ളുന്ന രവീന്ദ്രൻ ചിത്രങ്ങൾ ഇനി ചരിത്രത്തിലെ ഫ്രെയിം...!

Mail This Article
ന്യൂഡൽഹി ∙ വർഷം 1990, പൊള്ളിക്കുന്ന മേയ് മാസപകൽ. ചൂടും രാഷ്ട്രീയവും തിളച്ചുമറിയുന്ന ഡൽഹി. പിന്നാക്കക്കാർക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയ വി.പി. സിങ് സർക്കാരിനെതിരെ സമരങ്ങളുടെ പരമ്പര. തലേദിവസം സമരക്കാരുടെ സന്ദേശം ലഭിച്ചതിനെത്തുടർന്ന് മാധ്യമ ഫൊട്ടോഗ്രാഫർമാരുടെ സംഘം കൽക്കാജിയിലെ ദേശബന്ധു കോളജിനുമുന്നിൽ തമ്പടിച്ചു. റോഡിൽ വിറകുകത്തിച്ച് ആത്മഹത്യ ചെയ്യുമെന്നായിരുന്നു സമരക്കാരുടെ സന്ദേശം. ഫൊട്ടോഗ്രഫർമാർ രാവിലെ 10നു തന്നെ കോളജിനു മുന്നിലെത്തി.
വിദ്യാർഥികൾ റോഡിൽ വിറകുകൂട്ടി കത്തിച്ച് ചാടുകയും സമരോൽസുകരായി മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്‌തിരുന്നു. പെട്ടെന്ന് സമര കേന്ദ്രത്തിൽ നിന്നു 50 മീറ്ററോളം അകലെ, കോളജ് വളപ്പിൽ നിന്നും മതിൽ ചാടി ഒരു ചെറുപ്പക്കാരൻ പുറത്തെത്തി. ആ ചാട്ടം കണ്ട് ഒരു ഫോട്ടോഗ്രഫർ ആ ഭാഗത്തേക്കു കുതിച്ചു. നിമിഷങ്ങളുടെ ഇടവേളയിൽ അതു സംഭവിച്ചു. ദേഹം നിറയെ മണ്ണെണ്ണ ഒഴിച്ചു റോഡിലേക്കു ചാടിയ ആ യുവാവ് സ്വയം തീ കൊളുത്തി.
അഗ്നിനാളങ്ങൾക്കിയിൽ ജ്വലിക്കുന്ന മുഖവുമായി ആ സമരവീര്യം കത്തിപ്പടരുന്ന ചിത്രം തെളിമയോടെ പതിഞ്ഞത് ഒരേയൊരു ചിത്രത്തിൽ മാത്രം. മറ്റു ക്യാമറാമാൻമാരെല്ലാം പാഞ്ഞെത്തിയെങ്കിലും സെക്കൻഡുകളുടെ വ്യത്യാസത്തിൽ ആ കാഴ്ച അവർക്കു നഷ്ടമായി. ദേശീയ–രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ ആദ്യ പേജിൽ പ്രത്യക്ഷപ്പെട്ട ആ ചിത്രം ആർ. രവീന്ദ്രന്റേതായിരുന്നു. തുടർന്നങ്ങോട്ട് കൊടുങ്കാറ്റു പിടിച്ചപോലെയായി പ്രക്ഷോഭം. മാരകമായി പൊള്ളലേറ്റ രാജീവ് ഗോസ്വാമി പിന്നീടു ഡൽഹി സർവകലാശാല യൂണിയൻ ചെയർമാനായി. ഇതിനു പിന്നാലെ അതേ കോളജിലെ സുരീന്ദർ സിങ് ചൗഹാൻ സമരത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്തു. 2004 ഫെബ്രുവരി 24നു 33ാം വയസ്സിൽ രാജീവ് ഗോസ്വാമി മരണമടഞ്ഞത് അന്നത്തെ ആത്മഹത്യാ ശ്രമത്തിന്റെ പരിണിത ഫലമായുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണമായിരുന്നു.
തിരുവനന്തപുരം കരുമം ഇടഗ്രാമത്തിൽ കമലവിലാസം വീട്ടിൽ രവീന്ദ്രനു മുന്നിൽ ഇങ്ങനെ വീണുകിട്ടിയ ഒട്ടേറെ നിമിഷങ്ങൾ ലോകം കണ്ട ചിത്രമായി മാറിയിട്ടുണ്ട്. ഡൽഹി സർവകലാശാലയിൽ പഠിക്കുക എന്ന ലക്ഷ്യത്തോടെ 1974ലാണ് ഇദ്ദേഹം ഡൽഹിയിലെത്തുന്നത്. ബികോം ഓണേഴ്‌സിനു ചേരുകയും ചെയ്‌തു. സഹോദരന്റെ സുഹൃത്ത് വഴിയാണ് എഎഫപി.യിലെ ജോലിയെ കുറിച്ചറിഞ്ഞത്. ഡൽഹിയിൽ വന്ന അതേ വർഷം എഎഫ്പിയിൽ സബ് റിപ്പോർട്ടറായി ജോലിക്കു ചേർന്നു. അന്നൊന്നും എഎഫ്‌പി ഫോട്ടോ സേവനം ആരംഭിച്ചിരുന്നില്ല. വാർത്ത നൽകൽ മാത്രമായിരുന്നു ഏജൻസി ജോലി.
1984 ജനുവരിയിലാണു എഎഫ്‌പി ഫോട്ടോ ഡിവിഷൻ ആരംഭിക്കുന്നത്. കുട്ടിക്കാലം മുതൽക്കേ ഫൊട്ടോഗ്രഫറാകാൻ കൊതിച്ചിരുന്ന രവീന്ദ്രന് അതൊരു അവസരമായി. സഹപ്രവർത്തകരും പ്രോൽസാഹിപ്പിച്ചു. നവംബറിലാണു രവീന്ദ്രന് ഫൊട്ടോഗ്രഫറെന്ന നിലയിൽ ആദ്യ അവസരം ലഭിക്കുന്നത്. കൊണാട്ട് പ്ലേസിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന കേന്ദ്ര സർക്കാർ വിരുദ്ധ സമരം. സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി സിപിഎം. നേതാവ് വൃന്ദ കാരാട്ടും പൊലീസുകാരനും തമ്മിൽ യുദ്ധമുഖത്തെന്ന പോലെ ലാത്തിയിൽ പിടിച്ച് പരസ്‌പരം ഉന്തിത്തള്ളി നിൽക്കുന്ന ചിത്രം രവീന്ദ്രന്റെ ക്യാമറയിൽ പതിഞ്ഞു. ആ ചിത്രം ന്യൂസ് വീക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ചു. അങ്ങനെ ആദ്യ അവസരത്തിൽ തന്നെ രാജ്യാന്തര മാസികയിൽ ചിത്രം പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടാനായി.
ഭോപ്പാൽ വിഷവാതക ദുരന്തത്തിന്റെ ചിത്രങ്ങൾ 12 ദിവസം സ്ഥലത്തു ക്യാംപ് ചെയ്താണു പകർത്തിയത്. ഡൽഹിയിലും ഗുജറാത്തിലും നടന്ന വർഗീയ കലാപങ്ങളും ശ്രീലങ്കയിലെ സുനാമി ദുരന്തവുമൊക്കെ രവീന്ദ്രന്റെ ക്യാമറക്കണ്ണുകളിലൂടെ പുറം ലോകം കണ്ടു. രാജീവ് ഗാന്ധി മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ പകർത്തിയതിന്റെ അനുഭവമുള്ള വ്യക്തിത്വമായിരുന്നു രവീന്ദ്രൻ. പലരുമായും ഏറെ അടുപ്പവും പുലർത്തി. 13 ദിവസത്തെ ഭരണത്തിനുശേഷം എ.ബി. വാജ്‍പേയ് രാജിവയ്ക്കാൻ പോകുന്നതിന്റെ ചിത്രം രവീന്ദ്രനു മാത്രമാണു ലഭിച്ചത്. പാർലമെന്റ് കവാടത്തിൽ വാജ്‌പേയി സമയം നോക്കുന്നതായിരുന്നു ആ ശ്രദ്ധേയമായ ചിത്രം. ബ്ലാക്ക് ആൻഡ് വൈറ്റ് മുതൽ ഡിജിറ്റൽ യുഗത്തിലെ വർണച്ചിത്രങ്ങൾ വരെ പകർത്തിയ ദൃശ്യസഞ്ചാരമാണ് ഇന്നലെ വിടവാങ്ങിയത്.