ADVERTISEMENT

ന്യൂഡൽഹി∙ ഒറ്റ മഴയ്ക്ക് തെളിഞ്ഞ ഡൽഹിയുടെ വായു ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ വീണ്ടും ഗുരുതരാവസ്ഥയിലായി. ശനിയാഴ്ച പെയ്ത മഴയിൽ വായു നിലവാരം മെച്ചപ്പെട്ടിരുന്നു. എന്നാൽ, ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനു പിന്നാലെ വായു മലിനീകരണം 140% വർധിച്ച് അതീവ ഗുരുതരാവസ്ഥയിലെത്തി. കരോൾ ബാഗ് ഉൾപ്പെടെയുള്ള ഏതാനും സ്ഥലങ്ങളിൽ വായുനിലവാരം 900 വരെയെത്തി. 

ദീപാവലിക്ക് മുൻപ് 420 ആയിരുന്നു. അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന ഖര–ദ്രാവക കണികകൾ ചേർന്നുണ്ടാകുന്ന അപകടകരമായ പിഎം 2.5 (പാർട്ടിക്കുലേറ്റ് മാറ്റർ) ശരാശരി, രാവിലെ 7ന് 200.08 ആയിരുന്നു. ‌ശ്വാസകോശത്തെ അപകടകരമായി ബാധിക്കുന്ന ഈ മാലിന്യം മുൻപുണ്ടായിരുന്നതിൽ നിന്ന് 45 ശതമാനത്തിലേറെയാണ് വർധിച്ചത്. വലുപ്പമേറിയ പിഎം 10 ഘടകങ്ങൾ 33% വർധിച്ചു.

ദീപാവലിക്ക് ശേഷമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തോത് കഴിഞ്ഞ 7 വർഷങ്ങളിൽ വച്ച് ഏറെ മെച്ചമായിരുന്നു. പക്ഷേ, ഇതുപോലും സഹിക്കാനുള്ള ശേഷി ഡൽഹി ജനതയ്ക്കില്ല എന്നതാണു വാസ്തവം. ദീപാവലിക്കു മുൻപ് 220 ആയിരുന്നു വായു നിലവാരം. ദീപാവലി കഴിഞ്ഞ് 500നു മീതെ ഉയർന്നുവെന്നാണ് കമ്മിറ്റി ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് അരവിന്ദ് നൗട്യാൽ പറഞ്ഞത്. സാകേതിന് മുകളിൽ നിന്നു ഡ്രോൺ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളിൽ പുകയും പൊടിയും മൂടിയ അന്തരീക്ഷമായിരുന്നു.ലോകത്തെ ഏറ്റവും വായു മലിനീകരണം കൂടിയ 10 രാജ്യങ്ങളുടെ പട്ടികയിൽ ഡൽഹി ഇന്നലെയും ഒന്നാമതാണ്. കൊൽക്കത്ത 4–ാം സ്ഥാനത്തും മുംബൈ 8–ാം സ്ഥാനത്തുമാണ്.

സൂചിക 450 കടന്നാൽ കടുത്ത നിയന്ത്രണം
ഡൽഹിയിലെ വായു നിലവാരം 450 കടന്നാൽ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ഡൽഹി സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ഗോപാൽ റായ് പറഞ്ഞു. മലിനീകരണ നിയന്ത്രണത്തിനുള്ള ‍ഡൽഹി സർക്കാരിന്റെ കർമ പദ്ധതികൾ തുടരും. നിർമാണ പ്രവർത്തനങ്ങൾക്കും ട്രക്കുകൾക്കുള്ള വിലക്കും തുടരും. പൊടി മലിനീകരണത്തിനെതിരെ സർക്കാരിന്റെ പ്രചാരണ പരിപാടികൾ 30 വരെ നീട്ടും. തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നതിനെതിരെ 14 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രചാരണം ആരംഭിക്കുമെന്നും ഗോപാൽ റായ് പറഞ്ഞു.

പടക്കം പൊട്ടിക്കലിനെ ചൊല്ലി പോര് 
രോഹിണി, ഐടിഒ, വിമാനത്താവളം തുടങ്ങിയ മേഖലകളിലും മലിനീകരണം അതിരൂക്ഷമായിരുന്നു. സുപ്രീം കോടതി വിലക്ക് മറികടന്നും ലട്യൻസ് ഡൽഹിയിൽ ആളുകൾ പുലർച്ചെ 2 മണിവരെ പടക്കം പൊട്ടിച്ചെന്നാണ് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞത്. പടക്കം പൊട്ടിക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും തയാറായില്ലെന്നാണ് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ പ്രതികരണം. ജനങ്ങളോട് പടക്കം പൊട്ടിക്കാൻ ആഹ്വാനം ചെയ്യുകയാണു ബിജെപി നേതാക്കൾ‌ ചെയ്തത്. 

ബിജെപി ഭരിക്കുന്ന ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ പടക്കം നിരോധിച്ചിരുന്നെങ്കിൽ ഡൽഹിയിലെ ജനങ്ങൾ ഇത്രയധികം ദുരിതം സഹിക്കേണ്ടി വരില്ലായിരുന്നു. ഈ സംസ്ഥാനങ്ങളിൽ‌ നിന്നു ഡൽഹിയിലേക്കു പടക്കം കടത്താൻ ചിലരുടെ ഒത്താശയനുസരിച്ചു പൊലീസും കൂട്ടു നിന്നുവെന്നും ഗോപാൽ റായ് പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, മന്ത്രിയുടെ ആരോപണങ്ങൾ ലജ്ജാകരമാണെന്നാണു ഡൽഹി ബിജെപി വൈസ് പ്രസിഡന്റ് കപിൽ മിശ്രയുടെ പ്രതികരണം.

പാർക്കിങ്ങിന്  ഇരട്ടി ഫീസ്
മലിനീകരണം അതിരൂക്ഷമായ അവസ്ഥയിൽ ഡൽഹിയിൽ സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കുന്നത് കുറയ്ക്കാനായി പാർക്കിങ് കേന്ദ്രങ്ങളിൽ ഫീസ് ഇരട്ടിയാക്കി. ജനുവരി 31 വരെ എൻഡിഎംസിയുടെ എല്ലാ പാർക്കിങ് കേന്ദ്രങ്ങളിലും വർധിപ്പിച്ച ഫീസ് ഇൗടാക്കും.

പടക്കം: പൊള്ളലേറ്റത് ഒട്ടേറെപ്പേർക്ക് 
പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ നിരവധി ആളുകളെ ഇന്നലെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സഫ്ദർജങ് ആശുപത്രിയിൽ മാത്രം ഞായറാഴ്ച രാത്രി പൊള്ളലേറ്റ 89 പേരെ പ്രവേശിപ്പിച്ചു. ഇതിൽ 77 പേരും പടക്കം പൊട്ടിച്ചു പൊള്ളലേറ്റവർ. എൽഎൻജെപി ആശുപത്രിയിൽ ഇത്തരത്തിൽ 11 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പൊള്ളലേറ്റ് എയിംസിൽ എത്തിയ 31 രോഗികളിൽ 21 പേർക്കും പടക്കം പൊട്ടിച്ചപ്പോഴാണ് പൊള്ളലേറ്റത്. പടക്കം പൊട്ടിക്കുമ്പോൾ കണ്ണിനു പരുക്കേറ്റ 42 കേസുകൾ എയിംസിലെ ആർപി സെന്ററിൽ റജിസ്റ്റർ ചെയ്തെന്ന് എയിംസ് മീഡിയ സെൽ ഇൻ ചാർജ് ഡോ. റിമ ദാദ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com