പാലക്കാട് ടു പാലക്കാട്; സർക്കുലർ ബസ് സർവീസിന് ശുപാർശ
Mail This Article
പാലക്കാട് ∙ നഗരത്തെയും ഗവ.മെഡിക്കൽ കോളജിനെയും ബന്ധിപ്പിച്ചുള്ള സർക്കുലർ ബസ് സർവീസ് പദ്ധതി ശുപാർശ പാലക്കാട് ഡിപ്പോ അധികൃതർ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്കു സമർപ്പിച്ചു. കോർപറേഷന്റെയും ബന്ധപ്പെട്ടവരുടെയും അനുമതി ലഭിച്ചാൽ പാലക്കാട് നഗരം– ഗവ.മെഡിക്കൽ കോളജ് ബസ് സർവീസ് യാഥാർഥ്യമാകും. ഒപ്പം നഗരത്തെ പരസ്പരം ബന്ധിപ്പിച്ചുള്ള സർക്കുലർ സർവീസും യാഥാർഥ്യമാകും.
പദ്ധതി ഇങ്ങനെ
പാലക്കാട് നഗരത്തിൽ കെഎസ്ആർടിസി, ടൗൺ സ്റ്റാൻഡ്, മുനിസിപ്പൽ സ്റ്റാൻഡ്, സ്റ്റേഡിയം സ്റ്റാൻഡ്, ജില്ലാ ആശുപത്രി, ഒലവക്കോട്, യാക്കര, ചന്ദ്രനഗർ, മണപ്പുള്ളിക്കാവ്–ചിറ്റൂർ റോഡുകളെ ബന്ധിപ്പിച്ചുള്ള ബസ് സർവീസ് ആണ് ലക്ഷ്യമിടുന്നത്. പാലക്കാട് ഗവ.മെഡിക്കൽ കോളജ് വഴി ബസ് സർവീസ് കുറവാണ്. ഈ സാഹചര്യത്തിൽ സർക്കുലർ ബസ് സർവീസ് അനിവാര്യം.വാളയാർ, കഞ്ചിക്കോട് ഭാഗത്തു നിന്നു വരുന്നവർക്ക് മെഡിക്കൽ കോളജിൽ പോകാനായി ചന്ദ്രനഗറിൽ ഇറങ്ങണം. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നുള്ളവർ മണപ്പുള്ളിക്കാവ്–ചിറ്റൂർ റോഡിൽ ഇറങ്ങി വേണം മെഡിക്കൽ കോളജിലെത്താൻ. ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് ഭാഗത്തു നിന്നുള്ളവർ പാലക്കാട് ടൗണിലെത്തി വേണം പോകാൻ. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്കായാണ് ഒലവക്കോട് ഉൾപ്പെടുത്തുന്നത്. ഇതെല്ലാം പരിഗണിച്ചാണ് സർക്കുലർ സർവീസ് വിഭാവനം ചെയ്യുന്നത്.
ഇനി വേണ്ടത്
സർക്കുലർ ബസ് സർവീസിന് കെഎസ്ആർടിസി തയാറാണ്. ഇതിനായി പ്രത്യേകാനുമതി വേണ്ടിവരില്ല. കോർപറേഷന്റെയും അനുബന്ധ വകുപ്പുകളുടെയും അനുമതി മതിയാകും.30–35 സീറ്റുള്ള മിനി ബസ് ഉപയോഗിച്ചുള്ള സർക്കുലർ സർവീസ് ആണ് നഗരത്തിനുള്ളിൽ അനുയോജ്യമെന്നാണു വിലയിരുത്തൽ. പാലക്കാട് നഗരസഭ, ജില്ലാ ഭരണകൂടം, മോട്ടർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത്, ആരോഗ്യം, ഉൾപ്പെടെയുള്ള വകുപ്പുകൾ ഇതിനായി വേണ്ട സഹകരണം ഉറപ്പാക്കി തുടർ നടപടി സ്വീകരിച്ചാൽ നഗരം സർക്കുലർ സർവീസിനു സജ്ജമാകും.
ജില്ലാ ആശുപത്രിയെയുംബന്ധിപ്പിക്കണം
ജില്ലാ ആശുപത്രിയെയും മെഡിക്കൽ കോളജിനെയും ബന്ധിപ്പിച്ചുള്ള ബസ് സർവീസ് അനിവാര്യമാണ്. ഇതു ചികിത്സ തേടി എത്തുന്നവർക്ക് ഏറെ സഹായകരമാകും.