23 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

Mail This Article
മണ്ണാർക്കാട് ∙ ദേശീയപാതയിൽ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ 25 ലക്ഷം രൂപയുടെ 23 കിലോ ഉണക്ക കഞ്ചാവുമായി 3 പേർ പിടിയിൽ. മലപ്പുറം നിലമ്പൂർ കാളികാവ് തെക്കഞ്ചേരി വീട്ടിൽ റിനീഷ് (29), കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് സ്വദേശിയും നിലവിൽ നിലമ്പൂർ ചോക്കാട് ഉരൽമട പുല്ലാന്നിക്കാട്ടിൽ താമസക്കാരനുമായ തൊട്ടിയിൽ ഫർഷാദ് (28), നിലമ്പൂർ വെള്ളയൂർ ആമപ്പൊയിൽ ഇരഞ്ഞിയിൽ മുഹമ്മദ് ഫെബിൻ (30) എന്നിവരാണു പിടിയിലായത്.
ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് കാളികാവിലേക്കു കൊണ്ടുപോകുമ്പോൾ ചൊവ്വാഴ്ച രാത്രി ദേശീയപാതയിൽ നൊട്ടൻമല ഭാഗത്തു വാഹന പരിശോധനയ്ക്കിടെയാണു പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തു. ഗിയർ ബോക്സിന്റെ ഉള്ളിലും രഹസ്യ അറയിലും സ്റ്റെപ്പിനി ടയറിനുള്ളിലും ബോണറ്റിലുമായാണു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗവും ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുമായ ജി.കൃഷ്ണകുമാർ നൽകിയ വിവരത്തെ തുടർന്നായിരുന്നു പരിശോധന. സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറിനെ കൂടാതെ സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ്കുമാർ, കെ.വി.വിനോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് അലി, എം.എം.അരുൺകുമാർ, എൻ.എൽ.അഖിൽ, പി.സുബിൻ, എസ്.ഷംനാദ്, ആർ. വിശാഖ്, രാജേഷ് എന്നിവർ ചേർന്നാണു പിടികൂടിയത്. തൊണ്ടിയും പ്രതികളെയും മണ്ണാർക്കാട് എക്സൈസ് ഇൻസ്പെക്ടർ എസ്.ബാലഗോപാലിനു കൈമാറി.