വന്യമൃഗ ആക്രമണം വർധിച്ചു വാൽപാറയിൽ ഭീതി

Mail This Article
വാൽപാറ ∙ നഗരത്തിലും തോട്ടം മേഖലകളിലും വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിക്കുന്നതിനാൽ നാട്ടുകാരും തോട്ടം തൊഴിലാളികളും ഭീതിയിൽ. കാട്ടാനകളും പുലിയും കരടിയും കാട്ടുപോത്തും തുടർച്ചയായി തേയിലത്തോട്ടങ്ങളിൽ തൊഴിലാളികളുടെ പാർപ്പിടങ്ങളിൽ വരുന്നതിനാൽ സന്ധ്യ കഴിഞ്ഞാൽ ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം ആക്കാമലയിൽ തൊഴിലാളികളുടെ ലൈൻ വീടുകൾക്കു സമീപം കാട്ടാനകൾ എത്തിയ വിവരം അറിഞ്ഞ തൊഴിലാളികൾ പടക്കം പൊട്ടിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയും മണിക്കൂറുകളോളം പണിപെട്ടാണ് ഇവയെ കാടുകയറ്റിയത്. എന്നാൽ കാടുകയറിയ കാട്ടാനകൾ മണിക്കൂറുകൾക്കകം തിരിച്ചെത്തി ഇവിടത്തെ സ്കൂൾ കെട്ടിടവും കോവിലും പൂർണമായും നശിപ്പിച്ചു.
ഇഞ്ചിപ്പാറ എസ്റ്റേറ്റിൽ തൊഴിലാളികളെ കരടികൾ മറഞ്ഞിരുന്ന് ആക്രമിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാത്രി വാൽപാറ കോഓപ്പറേറ്റീവ് കോളനിയിലെ വീട്ടിൽകയറിയ പുലി പൂച്ചയെ പിടികൂടി കൊണ്ടുപോകുന്നത് ഇവിടെ ഹോം സ്റ്റേ നടത്തുന്ന ഫ്രാങ്ക് ബെഞ്ചമിന്റെ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിവരം അറിഞ്ഞ നാട്ടുകാർ കൂടുതൽ ഭീതിയിലാണ്. വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.